സ്വന്തം ലേഖകൻ: താമസ സൗകര്യം സ്ഥിരീകരിക്കുന്നവർക്കു ലോകകപ്പ് മത്സര ടിക്കറ്റില്ലാതെയും ഡിസംബർ 2 മുതൽ ഖത്തറിൽ പ്രവേശിക്കാം. താമസത്തിനായി ഖത്തർ അക്കോമഡേഷൻ ഏജൻസി മുഖേനയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ബുക്ക് ചെയ്യതതിന് ശേഷം വിശദാംശങ്ങൾ സമർപ്പിക്കണം.
ടിക്കറ്റ് ഉടമകൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ചേർക്കാനാവും. ഇതിലൂടെ ടിക്കറ്റില്ലാത്തവർക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മറ്റു വിനോദ, സാംസ്‌കാരിക പരിപാടികൾ കാണാനാവും. 24 മണിക്കൂറിനായി വരുന്നവർക്ക് മാച്ച്‌ഡേ ഓപ്ഷൻ തിരഞ്ഞെടുക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ വ്യക്തമാക്കി.
ഹയാ കാർഡ് പോർട്ടലിൽ മാച്ച് ഡേ ഓപ്ഷനിലൂടെ വേണം റജിസ്റ്റർ ചെയ്യാൻ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നതോടെയാണ് പ്രവേശനം അനുവദിക്കുന്നത്. ഡിസംബർ 23 വരെ ഇവർക്കും ദോഹ മെട്രോ, കർവ ബസ്, ലുസെയ്ൽ ട്രാം എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. താമസം ബുക്ക് ചെയ്യാൻ :https://www.qatar2022.qa/book. ഹയാ കാർഡിനായി അപേക്ഷിക്കാൻ: https://hayya.qatar2022.qa/
നാളെ മുതൽ ഹയാ കാർഡ് ഉടമകൾക്ക് ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തിരക്ക് ലഘൂകരിക്കാൻ 9 മെട്രോ സ്‌റ്റേഷനുകളിലായി 35 എൻട്രി, എക്‌സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചു.
ലോകകപ്പ് സ്റ്റേഡിയങ്ങൾ, ആരാധകർക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാനാണ് ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പിനിടെ 110 ട്രെയിനുകൾ സർവീസ് നടത്തും. പ്രതിദിനം 7-8 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 21 മണിക്കൂർ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല