സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകളായ വിദേശീയർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ഇ-മെയിൽ വഴി ലഭിക്കും. ഡിജിറ്റൽ ഹയ്യാ കാർഡ് ലഭിച്ച എല്ലാ ടിക്കറ്റ് ഉടമകൾക്കും നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം. എൻട്രി പെർമിറ്റുകൾ പിഡിഎഫ് ആയി അവരവരുടെ ഇ-മെയിലിൽ ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയ്യാ കാർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി വ്യക്തമാക്കി.
അലി ബിൻ ഹമദ് അൽ അത്തിയ്യ അറീനയിലും ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലുമായി 2 ഹയ്യാ കാർഡ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഹയ്യാ കാർഡിന്റെ പ്രിന്റഡ് ആവശ്യമുള്ളവർക്ക് ഇവിടങ്ങളിൽ നേരിട്ടെത്തി വാങ്ങാം. ഹയ്യാ കാർഡ് സംബന്ധമായ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഈ സെന്ററുകളുടെ സേവനം തേടാം. അതേസമയം ഹയ്യാ കാർഡിന്റെ പ്രിന്റഡ് ആവശ്യമില്ല.
കൈവശം ഡിജിറ്റൽ കോപ്പി മതിയെന്നും അൽ ഖുവാരി വ്യക്തമാക്കി. ലോകകപ്പ് ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ഹയ്യാ കാർഡ് നിർബന്ധമാണ്. നവംബർ 1 മുതൽ ഹയ്യാ കാർഡ് ഉടമകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. ലോകകപ്പ് ടിക്കറ്റ് വിൽക്കാനും ടിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനുമായി വൈകാതെ ഫിഫയുടെ ഔദ്യോഗിക സെന്റർ തുറക്കും. ഈ മാസം തന്നെ സെന്റർ തുറക്കുമെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സെയിൽസ്-മാർക്കറ്റിങ്- കമ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ ഖുവാരി വ്യക്തമാക്കി.
നിലവിൽ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിങ് വെബ്‌സൈറ്റിൽ പുരോഗമിക്കുന്ന അവസാന ഘട്ട വിൽപന ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. പുതിയ സെന്റർ തുടങ്ങുന്നതോടെ ഓവർ-ദി കൗണ്ടർ വിൽപനയും സജീവമാകും. ടിക്കറ്റിങ് സംബന്ധിച്ച വിവരങ്ങൾക്ക് ഫിഫയുടെയും സുപ്രീം കമ്മിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പതിവായി സന്ദർശനം നടത്തണമെന്നും അൽ ഖുവാരി ഓർമപ്പെടുത്തി.
ടിക്കറ്റിന്റെ ആദ്യ 2 വിഭാഗങ്ങളിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകളുടെ പുനർ വിൽപനയും ഔദ്യോഗിക റീ-സെയിൽ പോർട്ടലിൽ പുരോഗമിക്കുകയാണ്. ടിക്കറ്റുകളുടെ പുനർ വിൽപനയിലൂടെയുള്ള റീഫണ്ട് തുക ലഭിക്കാൻ വിൽപന നടന്നതായുള്ള സ്ഥിരീകരണ ഇ-മെയിൽ ലഭിച്ച തീയതി മുതൽ പരമാവധി 60 ദിവസം വേണ്ടി വരും. ടിക്കറ്റ് ഉടമ തന്റെ ടിക്കറ്റ് വിൽക്കുമ്പോൾ അതിഥികൾക്കായെടുത്ത ടിക്കറ്റുകൾ കൂടി പ്രദർശിപ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല