സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് കാണാൻ രാജ്യത്തേക്ക് എത്തുന്ന ഫുട്‌ബോൾ ആരാധകർക്കായി വിപുലമായ മെഡിക്കൽ സേവനങ്ങൾ ഒരുക്കി ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്.
അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് എത്ര ദിവസമാണോ അത്രയും ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും അധികൃതർ ശുപാർശ ചെയ്യുന്നുണ്ട്.
ആരാധകർക്ക് ആരോഗ്യ സേവനങ്ങൾ തേടാൻ ഹെൽത്ത്‌ലൈൻ നമ്പറും സജ്ജമാണ്. ലോകകപ്പ് ആരാധകർക്ക് സ്വാഗതമേകി ഖത്തറിന്റെ യാത്രാ, പ്രവേശന, കോവിഡ് പരിശോധനാ നയങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന വേണ്ട.
ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷനും ആവശ്യമില്ല. ഹോട്ടൽ ക്വാറന്റീനും ഇല്ല. യാത്രയ്ക്ക് മുൻപായി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും ശൈത്യകാലമായതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതും ഉചിതമായിരിക്കുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്.
ലോകകപ്പിനെത്തുന്ന സൂപ്പർ താരങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഖത്തറിന്റെ ആസ്പറ്റാർ സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യാലിറ്റി ആശുപത്രി. ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടുന്ന ഗൾഫ് മേഖലയിലെ പ്രഥമ സ്‌പോർട്‌സ് മെഡിസിൻ ആശുപത്രിയാണിത്.
2014 ലോകകപ്പ് ഫുട്‌ബോളിൽ കൊളംബിയൻ താരം സുനിഗയുടെ കാൽമുട്ട് ഇടിയേറ്റ് നട്ടെല്ല് തകർന്ന നെയ്മറിനെ എവിടെ ചികിത്സിക്കുമെന്നായിരുന്നു ലോകകപ്പ് കാലത്തെ പ്രധാന ചർച്ചാ വിഷയം. എന്നാൽ ഖത്തറിൽ ഏതെങ്കിലും ഒരു താരത്തിന് പരിക്ക് പറ്റിയാൽ ടീം മാനേജ്‌മെന്റുകൾക്ക് ഇത്തരമൊരു ചിന്തയുടെ ആവശ്യമുണ്ടാകില്ല. അത്രയും അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി ആസ്പറ്റാർ സ്‌പോർസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സർവ സജ്ജമായിരിക്കും.
മികച്ച സ്റ്റേഡിയങ്ങൾക്കും സൌകര്യങ്ങൾക്കുമൊപ്പം ഖത്തർ നൽകുന്ന മറ്റൊരു വാഗ്ദാനമാണ് താരങ്ങൾക്ക് മികച്ച ചികിത്സ. ഓർത്തോപീഡിക് സർജൻമാർ, കാർഡിയോളജിസ്റ്റുകൾ, സ്‌പോർട്‌സ് മെഡിസിൻ ഫിസിഷ്യൻസ്, സ്‌പോർട്‌സ് ഡെൻറിസ്റ്റുകൾ, തുടങ്ങി ബയോമെഡിക്കൽ എഞ്ചിനീയർമാർ വരെയുള്ള വിദഗ്ധരുടെ നീണ്ടനിര തന്നെയുണ്ട് ഇവിടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല