സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവർക്ക് താമസകാര്യത്തിൽ ആശങ്ക വേണ്ട. 10 ലക്ഷത്തിലധികം വരുന്ന കാണികൾക്കായി ഏകദേശം 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ. വില്ലകൾ, അപാർട്‌മെന്റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങി ഹൗസിങ് യൂണിറ്റുകൾ ഏതായാലും എല്ലാവിധ സൗകര്യങ്ങളോടെ പൂർണമായും ഫർണിഷ് ചെയ്തവയാണ്.
നീന്തൽക്കുളം, ജിം തുടങ്ങി എല്ലാ ഹോട്ടൽ സേവനങ്ങളും ഇവിടങ്ങളിൽ ലഭിക്കും. അക്കോർ ഇന്റർനാഷനലിന് ആണ് അപാർട്‌മെന്റുകളുടെ മേൽനോട്ടം. ഫുട്‌ബോൾ ആരാധകർക്കായി വില്ലകൾ, അപാർട്‌മെന്റുകൾ, 6 ഫാൻ വില്ലേജുകൾ, ക്രൂസ് ഷിപ്പ് ഹോട്ടലുകൾ, ടെന്റുകൾ എന്നിങ്ങനെ വൈവിധ്യമായ താമസ സൗകര്യങ്ങൾ ഒരുക്കി. ഒരു രാത്രിക്ക് ഒരാൾക്ക് 80 ഡോളർ ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. മിഷ്‌റെബ് മുതൽ അൽഖോർ, അൽ വക്ര തുടങ്ങി നഗരത്തിന് പുറത്തും താമസസൗകര്യങ്ങളുണ്ട്.
ആഡംബര കപ്പലുകളായ എംഎസ്‌സി വേൾഡ് യൂറോപ്പയിലും എംഎസ്‌സി പോയിസയിലുമായി 9,500 പേർക്ക് താമസമൊരുക്കും. ഖ്വെതെയ്ഫാൻ ഐലന്റിൽ 1,800 ടെന്റുകളിലായി 3,600 പേർക്ക് താമസിക്കാം. കുറഞ്ഞ നിരക്കിൽ രാജ്യത്തിന്റെ 3 ഇടങ്ങളിലായി 8,000 കാബിൻ ശൈലി താമസയൂണിറ്റുകളുമുണ്ട്. അൽ മെസില്ല, അൽഖോർ ക്യാംപ് എന്നിവിടങ്ങളിലെ കാബിൻ താമസ യൂണിറ്റുകൾക്ക് പുറമെ ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും മുൻനിരത്തിയുള്ള പരിസ്ഥിതി സൗഹൃദപരമായ 200 അറബ് കൂടാരങ്ങളും സജ്ജമാകും.
ലോകകപ്പ് സമയത്തെ താമസത്തിന് സുപ്രീം കമ്മിറ്റിയുടെ അക്കോമഡേഷൻ പോർട്ടലിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 4,28,000 ഹോട്ടൽ രാത്രി ബുക്കിങ്ങുകൾ. ഈ മാസം 17 വരെയുള്ള ബുക്കിങ് കണക്കാണിത്. നവംബർ 26നാണ് ഏറ്റവും കൂടുതൽ ബുക്കിങ്. റജിസ്റ്റർ ചെയ്തവയിൽ സ്ഥിരീകരിച്ച ബുക്കിങ്ങുകൾ 60 ശതമാനത്തിലധികമാണ്. അക്കോമഡേഷൻ പോർട്ടൽ മുഖേന താമസം ബുക്ക് ചെയ്തവരിൽ യുഎസിൽ നിന്നുള്ള ആരാധകരാണ് മുൻപിൽ. മെക്‌സികോ, അർജന്റീന, യുകെ എന്നിവയാണ് തൊട്ടുപിന്നിൽ.
ജിസിസി രാജ്യങ്ങളിൽ സൗദിയാണ് മുൻപിൽ. കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യുഎഇ എന്നിവയാണ് പിന്നിൽ. സുപ്രീം കമ്മിറ്റിയുടെ പോർട്ടലിലൂടെ മാത്രമല്ല ട്രാവൽ ഏജൻസികൾ മുഖേനയും ഓൺലൈനിൽ നേരിട്ടും താമസം ബുക്ക് ചെയ്യുന്നവരുണ്ട്. ഇതിനെല്ലാം പുറമെ ഖത്തറിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല