സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിൽ ആവേശത്തിന്റെ അലകടൽ തീർത്ത് പാട്ടുമായി ബിടിഎസിന്റെ ജംഗൂക്. ഇന്നലെ രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലോകകപ്പ് മത്സരത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പതിനായിരങ്ങളിലേക്ക് സംഗീതനിശ പകർന്ന ആവേശം ചെറുതായിരുന്നില്ല. പാട്ടുമായി ഒഴുകിയെത്തിയ ജംഗൂക്കിനെ ആരാധകർ കേട്ടത് ഹൃദയം കൊണ്ട്. ഖത്തറി പാട്ടുകാരന് ഫഹദ് അൽ ഖുബൈസിക്കൊപ്പമാണ് ജംഗൂക് വേദിയിലെത്തിയത്. ആ പാട്ടോളങ്ങളിൽ മുങ്ങി നിവർന്ന് ലോകകപ്പിന്റെ ഉദ്ഘാടനവേദി ആവേശക്കടലായി മാറി.
കാല്‍പ്പന്തിന്റെ വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സിനിമാ താരം മോര്ഗന് ഫ്രീമാനും ചടങ്ങില്‍ അണിനിരന്നു. പ്രതീക്ഷകളേയും ഐക്യത്തേയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനിടയില്‍ ഗാലറികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ലൈറ്റുകള്‍ തെളിച്ചു.
ഞാന്‍ ഗാനിം അല്‍ മുഫ്താഹ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍ തളര്‍ന്നിരുന്നില്ല. എന്റെ പേര് തന്നെ അതിനുള്ള തെളിവാണ്. പോര്‍ക്കളങ്ങളിലെ വിജയി എന്ന് അര്‍ഥം വരുന്ന ഗാനിം എന്ന പേരാണ് അവര്‍ എനിക്കായി തിരഞ്ഞെടുത്തത്. നമുക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ സ്വപ്നമെല്ലാം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വപ്നങ്ങളില്‍ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയില്ല.’ മാസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി ഗാനിമിനെ പരിചയപ്പെടുത്തി ഫിഫ ട്വീറ്റ് ചെയ്ത വീഡിയോയിലെ വാക്കുകളാണിത്.
എല്ലാവര്ക്കും പ്രചോദനമാകുന്ന ഈ വാക്കുകള്‍ വെറുതെയല്ലെന്ന് ലോകകപ്പിലെ ഉദ്ഘാടനച്ചടങ്ങളില് ഗാനിം തെളിയിച്ചു. അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ചടങ്ങിന് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കമിട്ടത് ഗാനിമായിരുന്നു. ഇതിന് പിന്നാലെ ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാനൊപ്പമുള്ള ഗാനിമിന്റെ ഒരു ചിത്രവും ലോകം ഏറ്റെടുത്തു. ചടങ്ങിനിടെ തന്റെ താരപരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് മോര്ഗന് ഫ്രീമാന്‍ നിലത്തിരുന്ന് ഗാനിമിനോട് സംസാരിക്കുന്നതാണ് ആ ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല