സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക.
‘നൗ ഈസ് ഓൾ’ എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം. ശേഖരിക്കുക, ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിലാണ് മത്സരം. സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ് സമയപരിധി. 22ന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. ഒരാൾക്ക് ഒറ്റത്തവണ മാത്രമാണ് അവസരം. വിജയികൾക്ക് നവംബർ 20ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ഇക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റാണ് സമ്മാനം.
മത്സരത്തിൽ പങ്കെടുക്കുന്നവർ അധികൃതർ നിർദേശിച്ച മുഴുവൻ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം. റാൻഡം രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിജയികൾക്കും ഉദ്ഘാടന മത്സരത്തിന്റെ 2 ടിക്കറ്റുകൾ വീതമാണ് ലഭിക്കുക. ഫിഫയാണ് ടിക്കറ്റുകൾ നൽകുക.
ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങൾക്കും ബ്രോഡ്കാസ്റ്റ് ചെയ്യുന്നവർക്കും പുതിയ ഖത്തർ മീഡിയ പോർട്ടൽ തുറന്നു.ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടേതാണ് പോർട്ടൽ. ലോകകപ്പിനെത്തുന്ന മാധ്യമ പ്രതിനിധികൾക്ക് ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനുള്ള ആതിഥേയ രാജ്യത്തിന്റെ സേവന പോർട്ടലാണിത്.
മീഡിയക്കാർക്കുള്ള ഹയാ കാർഡ് എൻട്രി പെർമിറ്റ്, ഫിഫയുടെ അംഗീകാരമില്ലാത്ത മീഡിയകൾക്ക് ആതിഥേയ രാജ്യത്തിന്റെ അക്രഡിറ്റേഷൻ, സ്റ്റുഡിയോ ബുക്കിങ്, മീഡിയ ടൂർ, ഇന്റർവ്യൂ ചെയ്യുന്നതിനുള്ള അപേക്ഷകൾ, ചിത്രങ്ങളും വിഡിയോകളും എടുക്കുന്നതിനുള്ള അനുമതി തേടൽ ഉൾപ്പെടെയുള്ള സേവനങ്ങളാണ് പോർട്ടലിൽ ലഭിക്കുക. ലിങ്ക്: https://media.qatar2022.qa//
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല