സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് നാലു മാസം മാത്രം ബാക്കി നിൽക്കെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി. ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാൻ സ്ട്രീറ്റുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണു ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.
സ്റ്റേഡിയങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കുമുള്ള റോഡുകളും ഏറെക്കുറെ പ്രവർത്തന സജ്ജമാണ്. അവസാന വട്ട നിർമാണങ്ങളും പാർപ്പിട മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് തിരക്കിട്ടു പൂർത്തിയാക്കുന്നത്. സെപ്റ്റംബറിന് മുൻപേ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന നിർദേശമുള്ളതിനാൽ കരാർ കമ്പനികൾ അതിവേഗ പാതയിലാണ് നിർമാണങ്ങൾ നടത്തുന്നത്.
പദ്ധതികൾ പൂർത്തിയാക്കാൻ നിശ്ചിത സമയപരിധി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) കമ്പനികൾക്ക് നൽകിയിട്ടുണ്ട്. പകൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ ഉള്ളതിനാൽ വൈകുന്നേരങ്ങളിലും രാത്രി കാലങ്ങളിലുമായാണ് നിർമാണജോലികൾ. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാൽ ഷിഫ്റ്റ് സംവിധാനത്തിലാണ് കമ്പനികളുടെ പ്രവർത്തനം.
റോഡ് നിർമാണ-നവീകരണം, ഡ്രെയ്‌നേജ്, കാൽനടപ്പാതകൾ, ലാൻഡ്‌സ്‌കേപ്പിങ്, സ്ട്രീറ്റുകളിൽ വൈദ്യുത തൂണുകൾ സ്ഥാപിക്കൽ, റോഡുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കൽ തുടങ്ങി എല്ലാത്തരം ജോലികളുമാണ് പുരോഗമിക്കുന്നത്. ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ കേന്ദ്രമായി മാറുന്ന ദോഹ കോർണിഷിന്റെ വികസന പദ്ധതികൾ 95 ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു. അവശേഷിക്കുന്ന ജോലികൾ ദ്രുതഗതിയിലാണ്.
കാൽനട, സൈക്കിൾ യാത്രക്കാർക്കായി നടപ്പാതകളും അൽദഫ്‌ന, കോർണിഷ് സ്‌റ്റേഷൻ, വെസ്റ്റ് ബേ സ്‌റ്റേഷൻ തുരങ്കപാതകളും അധികം താമസിയാതെ തുറക്കും. വയോധികർ, അംഗവൈകല്യമുള്ളവർ എന്നിവർക്കായി എസ്‌കലേറ്ററുകളും എലവേറ്ററുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് തുരങ്കപാതകളുടെ നിർമാണം. ഓരോ തുരങ്കപാതകളിലും ഇരിപ്പിട സൗകര്യത്തോടു കൂടിയ 2 കഫേകൾ വീതവുമുണ്ട്.
കോർണിഷിനും അൽബിദ പാർക്ക്, തിയറ്റർ പാർക്ക്, ഹസാദ് ടവർ എന്നിവയ്ക്കും ഇടയിലാണു സൈക്കിൾ പാത. ദഫ്‌ന തുരങ്കപാതക്ക് എതിർവശത്തായുള്ള നിർമാണം പുരോഗമിക്കുന്ന ദഫ്‌ന സ്‌ക്വയർ, കോർണിഷ് സ്‌ക്വയർ, അൽ ബിദ സ്‌ക്വയർ പദ്ധതികളിലും കഫേകളും കോഫി ഷോപ്പുകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല