സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 44 ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നാമത്തെ ഔദ്യോഗിക ഗാനവും റിലീസ് ചെയ്തു. ‘ലൈറ്റ് ദ് സ്‌കൈ’ എന്ന ഗാനത്തിൽ ബോളിവുഡിന്റെ നോറ ഫതേഹി, എമിറാത്തി ഗായിക ബൽഖീസ്, ഇറാഖി ആർട്ടിസ്റ്റ് റഹ്‌മ റെയാദ്, മൊറോക്കൻ ഗായിക മനാൽ ബെൻച്‌ലിക്ക, ഗ്രാമി പുരസ്‌കാര ജേതാവും മൊറോക്കൻ-സ്വീഡിഷ് പ്രൊഡ്യൂസറും ഗായകനുമായ റെഡ് വൺ സഡെക് വാഫ് എന്നിങ്ങനെ വൻ താരനിര തന്നെയുണ്ട്.
അൽ തുമാമ സ്റ്റേഡിയത്തിന്റെ രാത്രി സൗന്ദര്യത്തിലാണ് 4 മിനിറ്റ് നീളുന്ന വിഡിയോ ഗാനം ചിത്രീകരിച്ചത്. വിസ്മയിപ്പിക്കുന്ന നൃത്തവും ആവേശം ജനിപ്പിക്കുന്ന ഫുട്‌ബോൾ അന്തരീക്ഷവും മനംകവരുന്ന സംഗീതവും കോർത്തിണക്കിയുള്ള മനോഹരമായ ഗാനമാണിത്. ഫിഫയുടെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
https://www.youtube.com/watch?v=4HKNdrBYS5k
ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സന്ദർശനം നടത്തി. ലോകകപ്പിന്റെ ടിക്കറ്റിങ്, ഹയാ കാർഡ്, മീഡിയ, വൊളന്റിയറിങ് എന്നിവയുമായി ബന്ധപ്പെട്ട ദോഹ എക്‌സിബിഷൻ സെന്റർ (ഡിഇസി) ദോഹ എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് സെന്റർ (ഡിഇസിസി) ഖത്തർ നാഷനൽ കൺവൻഷൻ സെന്റർ (ക്യുഎൻസിസി) എന്നീ 3 സുപ്രധാന കേന്ദ്രങ്ങളിലാണ് ഇൻഫാന്റിനോ സന്ദർശനം നടത്തിയത്.
ലോകകപ്പിന്റെ 8 സ്‌റ്റേഡിയങ്ങളിലും ഇൻഫാന്റിനോ സന്ദർശനം നടത്തി. കത്താറ കൾചറൽ വില്ലേജിനോട് ചേർന്നുള്ള ഡിഇസിയിൽ ആണ് ലോകകപ്പിന്റെ ടൂർണമെന്റ് ഓഫിസ്, പ്രധാന പ്രവർത്തന സെന്റർ, ഐടി കമാൻഡ് സെന്റർ, പ്രധാന വൊളന്റിയർ സെന്റർ, പ്രധാന അക്രഡിറ്റേഷൻ സെന്റർ എന്നിവയുടെ വേദി. വെസ്റ്റ് ബേ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഡിഇസിസി ആണ് പ്രധാന ടിക്കറ്റിങ് സെന്ററും ഹയാ സെന്ററുമായി പ്രവർത്തിക്കുക.
ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിനും കാർണിവൽ വേദിയായ കോർണിഷിനും സമീപത്താണ് ഡിഇസിസി. അൽ റയാനിലെ ക്യുഎൻസിസിയിലാണ് ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റ് സെന്റർ, പ്രധാന മീഡിയ സെന്റർ എന്നിവ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല