സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിൽ കാണികൾക്കു സുഗമയാത്ര ഉറപ്പാക്കാൻ ലുസൈൽ ബസ് സ്റ്റേഷൻ റെഡി. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 8 സ്‌റ്റേഷനുകളിൽ ഒന്നാണിത്. ഫിഫ ലോകകപ്പിൽ കാണികൾക്കുള്ള യാത്ര എളുപ്പമാക്കാൻ സ്റ്റേഷന്റെ പ്രവർത്തനം വലിയ പിന്തുണ നൽകും. ലുസൈൽ മെട്രോ സ്റ്റേഷനോട് ചേർന്ന് അൽഖോർ കോസ്റ്റൽ റോഡിന് സമീപത്താണിത്.
സമീപത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം വേഗമെത്താനുമുള്ള പ്രവേശന മാർഗം കൂടിയാണ് സ്റ്റേഷൻ. ടൂർണമെന്റിനിടെ ലോകകപ്പ് ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത്, ഫൈനൽ വേദിയായ ലുസൈൽ നഗരത്തിലെ ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കും തിരിച്ചും കാണികൾക്കുള്ള ബസ് യാത്ര ലുസൈൽ സ്റ്റേഷനിൽ നിന്നാണ്.
ദോഹ മെട്രോ, മെട്രോ ലിങ്ക് ബസുകൾ, ലുസൈൽ ട്രാം, ബസ് റാപ്പിഡ് ട്രാൻസിറ്റ് സർവീസ്, പാർക്ക് ആൻഡ് റൈഡ് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണു ലുസൈൽ ബസ് സ്റ്റേഷൻ. 39,708 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഷനിൽ 9 ലൈനുകളിലായി 9 പാർക്കിങ് ഏരിയകളാണുള്ളത്.
പ്രതിദിനം 10,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഷനിൽ മണിക്കൂറിൽ 40 ബസുകൾക്കുള്ള പ്രവർത്തന സൗകര്യമുണ്ട്. ടിക്കറ്റിങ് കൗണ്ടർ, യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള ഏരിയ, ഭരണനിർവഹണ ഓഫിസ്, പള്ളി, വാണിജ്യ ശാലകൾ എന്നിവ അടങ്ങുന്നതാണ് സ്റ്റേഷൻ. ഇലക്ട്രിക് ബസുകൾക്കുള്ള ചാർജിങ് സൗകര്യങ്ങളും ഇവിടെയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല