സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾക്ക് ഇനിയില്ലെന്ന് ലയണൽ മെസി. ഖത്തറിൽ നടക്കുന്ന ഞായറാഴ്ചത്തെ ഫൈനൽ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമാകുമെന്നാണ് മെസി വ്യക്തമാക്കിയത്. അർജന്റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് വർഷങ്ങളുണ്ട്. അന്ന് ഇതുപോലെ എനിക്ക് കളിക്കാനാകുമെന്ന് കരുതുന്നില്ല. വ്യക്തിഗത നേട്ടങ്ങൾ അല്ല, ടീമിന്റെ നേട്ടങ്ങളാണ് പ്രധാനം. ഫൈനൽ മത്സരത്തോടെ ലോകകപ്പ് കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു.
സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അര്‍ജന്‍റീന ഫൈനലിൽ എത്തിയത്. ഈ മത്സരത്തോടെ റെക്കോർഡ് നേട്ടങ്ങളും മെസി സ്വന്തമാക്കി. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന ജർമനിയുടെ ലോതര്‍ മത്തേവൂസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മെസി മറികടന്നത്.
ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചെന്ന മെക്‌സിക്കൻ താരം റാഫേൽ മാര്‍ക്കേസ്വിന്‍റെ റെക്കോര്‍ഡും മെസി പിന്നിലാക്കി. ലോകകപ്പിൽ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും മെസിയാണ്. ഇതുവരെ ലോകകപ്പുകളിലായി 11 ഗോളുകളാണ് സൂപ്പര്‍ താരം നേടിയത്. ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി പിന്നിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല