സ്വന്തം ലേഖകൻ: അര്‍ജന്റിനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത് തന്റെ ഐതിഹാസിക കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി ലയണല്‍ മെസി ഖത്തറിലെ ദോഹയിലെത്തി. അബുദാബിയില്‍ യുഎഇക്കെതിരെ നടക്കാനിരിക്കുന്ന സന്നാഹമത്സരത്തിന് മുന്നോടിയാണ് അര്‍ജന്റീനന്‍ ടീം ദോഹയിലെത്തിയത്.
താരങ്ങളാല്‍ സമ്പന്നമായ ടീം അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയും ചെയ്തു. അര്‍ജന്റീനയുടെ പരിശീലനം കാണാന്‍ നിരവധി പേരാണ് എത്തിയത്. യുഎഇ-അര്‍ജന്റീന മത്സരത്തിന്റെ ടിക്കറ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ വിറ്റുപോയിരുന്നു.
ലോകകപ്പില്‍ സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് മെസിയും കൂട്ടരും. നവംബര്‍ 22-ന് സൗദിക്കെതിരെയാണ് മുന്‍ ലോകചാമ്പ്യന്മാരുടെ ആദ്യ മത്സരം. 35 മത്സരങ്ങള്‍ തോല്‍വിയറിയാതെ എത്തുന്നതിന്റെ ആത്മവിശ്വാസം അര്‍ജന്റീനയ്ക്കുണ്ടാകും. മെസിയുടെ നേതൃത്വത്തിലുള്ള ടീം 2021-ല്‍ കോപ്പ അമേരിക്കയും 2022-ല്‍ ഫൈനലിസിമയും നേടിയിരുന്നു.
2014-ല്‍ ലോകകപ്പ് ഫൈനലില്‍ എത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും ജര്‍മനിയോട് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. മെസിയായിരുന്നു 2014-ല്‍ ലോകകപ്പിന്റെ താരവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല