സ്വന്തം ലേഖകൻ: ഏറെ സവിശേഷതകളുമായി ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. സ്വദേശി കലാകാരിയായ ബുഥയ്‌ന അല്‍ മുഫ്ത ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത്. പരമ്പരാഗത ശിരോവസ്ത്രം വായുവിലേയ്ക്ക് ഉയര്‍ത്തുന്ന പ്രധാന പോസ്റ്ററിനൊപ്പം ഏഴു പോസ്റ്ററുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്.
അറബ് ലോകത്തിന്റെ പാരമ്പര്യം, ആഘോഷം, ഫുട്‌ബോളിനോടുള്ള ഖത്തറിന്റെ അഭിനിവേശം, ഖത്തറിന്റെ ഫുട്‌ബോള്‍ സംസ്‌കാരം, ലോകകപ്പിനെ വരവേല്‍ക്കാനുള്ള ആവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍. കുടുംബങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഫുട്‌ബോള്‍ എന്ന കായിക ഇനത്തിനുള്ള പ്രാധാന്യവും പോസ്റ്ററുകളില്‍ നിന്നറിയാം.
പോസ്റ്ററുകളില്‍ മാത്രമല്ല പരമ്പരാഗത ശിരോവസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഖത്തര്‍ ലോകകപ്പിന്റെ ലോഗോ, വേദികളിലൊന്നായ അല്‍ തുമാമ സ്‌റ്റേഡിയം, ഔദ്യോഗിക ചിഹ്നമായ ലഈബ് എന്നിവയുടെ ഡിസൈനും. അറബ് ലോകത്തെ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന ഗാഫിയ എന്ന തലപ്പാവിന്റെ മാതൃകയിലാണ് അല്‍ തുമാമ നിര്‍മിച്ചിരിക്കുന്നത്.
ഒട്ടേറെ പ്രത്യേകതകളോടു കൂടിയാണ് ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ മുതല്‍ ചിഹ്നം, ഔദ്യോഗിക ഗാനം, പോസ്റ്റര്‍ എന്നിവയുടെ ഡിസൈനുകള്‍. ഫുട്‌ബോള്‍ ആരാധകരില്‍ ലോകകപ്പ് ആവേശം നിറയ്ക്കുന്നതാണ് ഓരോന്നും.
ഫിഫ ഖത്തർ ലോകകപ്പ് കാണികൾക്ക് താമസിക്കാനായി 1,000 പരമ്പരാഗത അറബ് കൂടാരങ്ങളും. പരമ്പരാഗത ശൈലിയിലുള്ള ബിദൂയിൻ കൂടാരങ്ങൾ ദോഹക്ക് ചുറ്റുമുള്ള മരുഭൂമിയിലാണ് സജ്ജമാക്കുക.
ഖത്തറിന്റെ ക്യാംപിങ് അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന കൂടാരങ്ങളിൽ 200 എണ്ണം ആഡംബര സൗകര്യങ്ങളോടു കൂടിയവ ആകുമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അക്കമഡേഷൻ മേധാവി ഒമർ അൽ ജാബർ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 15 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. വില്ലകൾ, അപാർട്‌മെന്റുകൾ, ഫാൻ വില്ലേജുകൾ, കപ്പലുകൾ, ഹോട്ടലുകൾ എന്നിങ്ങനെ വ്യത്യസ്ത താമസ സൗകര്യങ്ങളാണ് ലോകകപ്പ് കാണികൾക്കായി ഖത്തർ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല