സ്വന്തം ലേഖകൻ: ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വെട്ടിക്കുറച്ചത് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ. ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതെന്ന് ദോഹയിൽ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
ലോകകപ്പിനിടെ കൂടുതൽ നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് 18 നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച കാര്യം വ്യക്തമാക്കിയത്. ഖത്തർ എയർവേയ്‌സിന്റെ സർവീസ് ശൃംഖലയ്ക്കല്ല മറിച്ച് എല്ലാ ലോക രാജ്യങ്ങളും പങ്കെടുക്കുന്നതിനും ആരാധകരെ ഖത്തറിൽ എത്തിക്കുന്നതിനുമാണ് പ്രധാന പരിഗണന. ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ പൂർണസജ്ജമാണ്.
ടൂർണമെന്റിനിടെ അയൽരാജ്യങ്ങളിൽ നിന്നും ദോഹയിലേക്കും തിരിച്ചും പ്രതിദിനം അഞ്ഞൂറോളം ഷട്ടിൽസർവീസുകളാണ് നടത്തുന്നതെന്നും അൽ ബേക്കർ കൂട്ടിച്ചേർത്തു. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിലേക്ക് 15 ലക്ഷത്തിലധികം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഖത്തർ എയർവേയ്‌സിന്റെ ജീവനക്കാരുടെ എണ്ണവും 10,000 ആക്കി വർധിപ്പിക്കുമെന്നും നേരത്തെ അൽ ബേക്കർ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോകളിൽ ഒന്നായ ഖത്തറിന്റെ ലുസൈൽ ഡിപ്പോ പ്രവർത്തനം തുടങ്ങി. 478 ബസുകൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ബസ് ഡിപ്പോ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. സൗരോർജത്താൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രഥമ ബസ് ഡിപ്പോ കൂടിയാണിത്. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമാണിത്.
നൂതന യാത്രാ സംവിധാനമായ ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബിആർടി) ഇ-ബസുകൾക്കുള്ള പ്രത്യേക സോണും ഇവിടെയുണ്ട്. ലോകകപ്പിനിടെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് അൽ ഖോറിലെ അൽ ബെയ്ത്തിലേയ്ക്ക് കാണികൾക്ക് യാത്ര ചെയ്യാൻ ഇവ ഉപയോഗിക്കും. എല്ലാ ബസുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി) അടുത്ത വർഷം പ്രവർത്തനസജ്ജമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല