1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങളും ഫാന്‍ വില്ലേജുകളിലെയും മറ്റും വിനോദ പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്). ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ഹയ്യാ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പാസ്പോര്‍ട്ടും കൈവശം വേണമെന്നും ജവാസാത്ത് വ്യക്തമാക്കി.

ലോകകപ്പ് സമയത്ത് സൗദി സ്വദേശികള്‍ക്ക് സൗദി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഖത്തര്‍ യാത്ര സാധ്യമാകില്ലെന്നും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മത്സരങ്ങളും പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ നിര്‍ബന്ധമാക്കിയ ഹയ്യാ കാര്‍ഡ് നേടലും ഹയ്യാ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യലും നിര്‍ബന്ധമാണ്- ജവാസാത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദി വഴി ഖത്തറിലേക്ക് പോകുന്ന ഗള്‍ഫ് പൗരന്മാരുടെയും സ്വദേശികളുടെയും പാസ്പോര്‍ട്ടുകളില്‍ മൂന്നു മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടായിരിക്കണം. മറ്റു രാജ്യക്കാരുടെ പാസ്പോര്‍ട്ടുകളില്‍ ആറു മാസത്തില്‍ കുറയാത്ത കാലാവധി വേണമെന്നും ജവാസാത്ത് വ്യക്തമാക്കി. ഖത്തര്‍ യാത്രക്കു മുമ്പായി ഹയ്യാ കാര്‍ഡ് നേടുകയും കാര്‍ഡ് ആക്ടിവേറ്റ് ആവുകയും വേണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

സാധാരണ സമയങ്ങളില്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. ഇതിന് പാസ്പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ ലോകകപ്പ് വേളയില്‍ സൗദി പൗരന്മാരും മറ്റു ഗള്‍ഫ് പൗരന്മാരും ഖത്തര്‍ യാത്രാ വേളയില്‍ പാസ്‌പോര്‍ട്ട് കൂടി കരുതണമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്.

വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററുമായി 911 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ജവാസാത്ത് അറിയിച്ചു. ഇതിനു പുറമെ സൗദിയിലുള്ളവരും പുറത്തു നിന്നു വരുന്നവരുമായ എല്ലാ യാത്രക്കാര്‍ക്കും ഹിയര്‍ ഫോര്‍ യു (ഹാദിരീന്‍) എന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാലും യാത്രാ സംബന്ധിയായ വിവരങ്ങള്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.