
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയ കേസില്‍ പ്രവാസികളായ മൂന്ന് പേരെ ഖത്തര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് വിദേശികളെയും ദോഹയിലെ ഔദ്യോഗിക ടിക്കറ്റിംഗ് കേന്ദ്രത്തിന് പുറത്ത് വച്ച് അറസ്റ്റ് ചെയ്തത് തടവിലാക്കിയതായും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
വിവിധ രാജ്യക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, അറസ്റ്റിലായവരുടെ നാടോ മറ്റ് വിവരങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇവര്‍ നേരിട്ട് വാങ്ങിയ ടിക്കറ്റ് ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന ഔട്ട്ലെറ്റുകള്‍ക്ക് പുറത്ത് വച്ച് മറ്റുള്ളവര്‍ക്ക് വലിയ തുകയ്ക്ക് മറിച്ചുവില്‍പ്പന നടത്തുന്നതിനെയാണ് ഇവര്‍ പിടിയിലായത്. ലോകകപ്പിലെ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ കളികള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതിനാല്‍ ഈ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു.
ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെ, സെന്‍ട്രല്‍ ദോഹയിലെ ഫിഫയുടെ പ്രധാന ടിക്കറ്റിംഗ് കേന്ദ്രത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാനെത്തിയവരുടെ വലിയ നിരകള്‍ രൂപപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും താല്‍പര്യമുള്ള ടീമുകളുടെ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമുണ്ട്. ഈ അവസ്ഥ മുതലാക്കിയാണ് കരിഞ്ചന്തയില്‍ ടിക്കറ്റു വില്‍ക്കാനുള്ള ശ്രമം വില്‍പ്പന കേന്ദ്രത്തിന്റെ പുറത്തുവച്ച് നടക്കുന്നത്. നേരത്തേ തന്നെ ലോകകപ്പ് മല്‍സരങ്ങളുടെ 97 ശതമാനം ടിക്കറ്റുകളും വിറ്റുപോയതായി സംഘാടകര്‍ അറിയിച്ചിരുന്നു.
നിയമവിരുദ്ധമായി വില്‍പ്പന നടത്തുന്ന ഓരോ ടിക്കറ്റിനും രണ്ടര ലക്ഷം റിയാല്‍ (68,000 ഡോളര്‍) വരെ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിഫയും ഖത്തര്‍ ഭരണകൂടവും ലോകകപ്പിന്റെ വ്യാജ ടിക്കറ്റുകള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്താനുള്ള സാധ്യതയെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ടിക്കറ്റുകളുമായി വരുന്നവര്‍ക്ക് മല്‍സരം ആസ്വദിക്കാനാവില്ലെന്നു മാത്രമല്ല, തട്ടിപ്പ് നടത്തിയതായി പരിഗണിച്ച് അവര്‍ക്കെതിരേ നിയമ നടപടിക്കുള്ള സാധ്യതയുമുണ്ട്. ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ ടിക്കറ്റുകള്‍ വാങ്ങാന്‍ പാടുള്ളൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തേ 144 വ്യാജ ലോകകപ്പ് ട്രോഫികള്‍ ഉണ്ടാക്കി വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘത്തെ പോലിസ് അറസ്റ്റ് ചെയ്യുകയും വ്യാജ ട്രോഫികള്‍ പിടിച്ചെടുക്കുകുയം ചെയ്തിരുന്നു. വെബ്‌സൈറ്റ് വഴി വ്യാജ ട്രോഫികള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘമാണ് പോലിസിന്റെ പിടിയിലായത്.
ലോകകപ്പ് ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചുള്ള കാര്‍ നമ്പര്‍ പ്ലേറ്റുകളും ഔദ്യോഗിക ലോഗോകള്‍ ഉപയോഗിച്ചുള്ള വ്യാജ വസ്ത്രങ്ങളും അധികൃതര്‍ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലോകകപ്പ് ബ്രാന്‍ഡിലുള്ള പെര്‍ഫ്യൂം ബോട്ടിലുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി തന്നെ പോലിസ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല