സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോകകപ്പ് ആരവങ്ങളിലേക്ക് എത്താനും മത്സരങ്ങൾ കാണാനും ഇനിയും സമയം വൈകിയിട്ടില്ല. മത്സര ടിക്കറ്റുകൾ ഇനി കിട്ടുമോ എന്ന ആശങ്കയും വേണ്ട. ലോകകപ്പ് ടിക്കറ്റുകൾ എവിടെ നിന്ന്, എത്ര നാൾ വരെ ലഭിക്കും, എങ്ങനെ ഖത്തറിലേയ്ക്ക് എത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം.
ഫിഫയുടെ അവസാനഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഡിസംബർ 2ന് മുൻപാണ് ഖത്തറിലേക്ക് വരാൻ താൽപര്യപ്പെടുന്നതെങ്കിൽ മത്സര ടിക്കറ്റും ഹയാ കാർഡും നിർബന്ധമാണ്. ലോകകപ്പ് കാഴ്ചകൾ കണ്ടാൽ മാത്രം മതിയെങ്കിൽ വിദേശത്തു നിന്നെത്തുന്ന, മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് തങ്ങളുടെ ഹയാ കാർഡിൽ 3 പേരെ വരെ അതിഥികളായി ഒപ്പം കൂട്ടാനും (1+3 നയം) അനുമതിയുണ്ട്.
അതിഥികളിൽ ഒരാൾക്ക് 500 റിയാൽ ഫീസ് നൽകണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. ഡിസംബർ 2 മുതൽ മത്സരടിക്കറ്റില്ലാത്തവർക്കും ഹയാ കാർഡ് മുഖേന പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇവർക്കും 500 റിയാൽ ആണ് പ്രവേശന ഫീസ്. ഹയാ എൻട്രി പെർമിറ്റ് ലഭിക്കുന്നതനുസരിച്ച് ഖത്തറിൽ പ്രവേശിക്കാം. ടിക്കറ്റില്ലാത്ത എല്ലാ ഹയാ കാർഡ് ഉടമകൾക്കും ഫാൻസോണുകളിൽ മാത്രമാണ് പ്രവേശനം.
ലോകകപ്പ് മത്സര ടിക്കറ്റെടുത്താൽ മാത്രം പോരാ, ഖത്തറിലേക്ക് പ്രവേശിക്കാൻ ഫാൻ ഐഡി അഥവാ ഹയാ കാർഡും വേണം. മത്സര ടിക്കറ്റെടുത്ത് ഖത്തറിലെ താമസം കൂടി സ്ഥിരീകരിച്ച ശേഷം വേണം https://hayya.qatar2022.qa/ എന്ന ലിങ്കിലൂടെ ഹയാ കാർഡിന് അപേക്ഷിക്കാൻ.
വിദേശീയർക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡ്. അപേക്ഷിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ ഹയാ എൻട്രി പെർമിറ്റ് ലഭിക്കും. ഹയാ പോർട്ടലിലൂടെ ഡിജിറ്റൽ കാർഡും ഡൗൺലോഡ് ചെയ്യാം.
ഖത്തറിലെത്തുമ്പോൾ ഡിജിറ്റൽ ഹയാ കാർഡ് കാണിച്ചാൽ മതി. പ്രിന്റഡ് വേണമെന്നുള്ളവർക്ക് ഹയാ സെന്ററുകളിൽ നിന്ന് പ്രിന്റെടുക്കാം.ഡിസംബർ 2ന് ശേഷം ഹയാ കാർഡ് മുഖേന എത്തുന്നവർക്കും ഖത്തറിലെ താമസ സൗകര്യം സ്ഥിരീകരിച്ചാൽ മാത്രമേ കാർഡ് ലഭിക്കൂ.
ഫിഫയുടെ വെബ്‌സൈറ്റിൽ (https://www.fifa.com/fifaplus/en/tickets) നിന്ന് നേരിട്ട് വാങ്ങാം. ഫിഫയുടെ റീ-സെയിൽ പ്ലാറ്റ്‌ഫോമിലും (https://www.fifa.com/fifaplus/en/articles/ticket-resale-en) ടിക്കറ്റുകളുടെ പുനർ വിൽപന സജീവമാണ്.
ദോഹ കോർണിഷിനു സമീപത്തെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലെ (ഡിഇസിസി) ഫിഫയുടെ മെയിൻ ടിക്കറ്റിങ് സെന്റർ, അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അത്തിയ്യ അറീനയിലെ ടിക്കറ്റിങ് സെന്റർ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റ് നേരിട്ടും വാങ്ങാം. ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ ഓൺലൈനായും ഓവർ ദ കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല