1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2022

സ്വന്തം ലേഖകൻ: നവംബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഫിഫ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാനാണ് അവസരം നല്‍കിയിരിക്കുന്നത്. അത് സുഹൃത്തോ കുടുംബാംഗമോ ആവാം. ഇതിനായി നിശ്ചിതഫീസ് അടയ്ക്കണം. ഫിഫ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ യാസിര്‍ അല്‍ ജമാല്‍ അറിയിച്ചതാണ് ഇക്കാര്യം.

ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡ് മാത്രം മതി. ലോകകപ്പ് മല്‍സര ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡ് അനുവദിക്കുന്നത്. അതായത് ടിക്കറ്റ് ഇല്ലാതെ വിദേശികള്‍ക്ക് ഈ കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വണ്‍ പ്ലസ് ത്രീ പദ്ധതിയോടെ അതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഹയ്യാ കാര്‍ഡുള്ളവര്‍ ഖത്തറില്‍ താമസക്കാരാണെങ്കിലും അല്ലെങ്കിലും മൂന്ന് പേരെ കൂടി അതിഥികളായി രാജ്യത്തേക്ക് കൊണ്ടുവരാം. ഇങ്ങനെ ടിക്കറ്റില്ലാതെ വരുന്നവര്‍ക്ക് നിശ്ചിത തുക ഫീസ് ആയി നല്‍കണം. നാമമാത്രമായ തുകയായിരിക്കും ഈടാക്കുക.

എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ടിക്കറ്റില്ലാത്തതിനാല്‍ ലോകകപ്പ് മത്സരങ്ങള്‍ ഇവര്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും ഫാന്‍ സോണുകളിലേക്ക് പ്രവേശനം ലഭിക്കും. അടുത്ത ആഴ്ച മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് എഞ്ചിനീയര്‍ യാസിര്‍ അല്‍ ജമാല്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പ് ആഘോഷം കുടുംബങ്ങളുടെ കൂടി ഉല്‍സവമാക്കി മാറ്റുകയാണ് പുതിയ വണ്‍ പ്ലസ് ത്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി ആകെ 30 ലക്ഷം ടിക്കറ്റുകളാണ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഇരുപത്തി നാലര ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയതായി ഫിഫ വേള്‍ഡ് കപ്പ് സിഇഒ നാസര്‍ അല്‍ ഖാത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടന്ന ടിക്കറ്റ് വില്‍പ്പനയിലാണ് അഞ്ചു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയത്. ടിക്കറ്റ് വില്‍പ്പനയുടെ അടുത്ത ഘട്ടം സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും. ടിക്കറ്റുകളുടെ കൗണ്ടര്‍ വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ലോകകപ്പ് കാണാനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ടിക്കറ്റ് സ്വന്തമാക്കുന്നതോടൊപ്പം താമസ സ്ഥലം കൂടി കണ്ടെത്തി ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് സ്വന്തമാക്കണം.

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീമിന്റെ മല്‍സരങ്ങള്‍ക്കാണ് ടീം അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്. അര്‍ജന്റീന കഴിഞ്ഞാല്‍ മെക്‌സിക്കോയുടെയും സൗദി അറേബ്യയുടെയും മല്‍സരങ്ങള്‍ക്കും വലിയ ഡിമാന്റാണ്. അതോടൊപ്പം ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങളുടെ ടിക്കറ്റിനും ആവശ്യക്കാര്‍ ഏറെയാണെന്നും ഫിഫ വേള്‍ഡ് കപ്പ് സിഇഒ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയുടെ അടുത്ത ഘട്ടത്തിലും ഇതേ ട്രെന്‍ഡ് തന്നെ തുടരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ലോകകപ്പ് സംപ്രേഷണം ചെയ്യുന്നതിനായി ഖത്തറിലെത്തുന്ന ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ് നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് ഉല്‍പന്നങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കയറ്റുമതി, ഇറക്കുമതി അനുമതി നല്‍കുന്ന താല്‍ക്കാലിക അനുമതിയാണ് കസ്റ്റംസ് ജനറല്‍ അതോറിറ്റി അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ തിരികെ കയറ്റുമതി ചെയ്യുന്നതിനുള്ള അവസാന തിയ്യതി കസ്റ്റംസ് അധികൃതര്‍ പിന്നീട് അറിയിക്കും.

വലിയ പ്രദര്‍ശനങ്ങള്‍, വിപണന മേള തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിന് ചരക്കുകളും സാധനങ്ങളും എത്തിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഈ ഡ്യൂട്ടി ഇളവ് ആനുകൂല്യം നടപ്പിലാക്കിയത്. ലോകകപ്പിന്റെ ആവേശം ലോകത്തിന്റെ മുക്കുമൂലകളിലെത്തിക്കാന്‍ ഖത്തറിലെത്തുന്ന നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം അനുഗ്രഹമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.