![](https://www.nrimalayalee.com/wp-content/uploads/2022/05/Qatar-FIFA-World-Cup-Haya-Card.jpg)
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോൾ രണ്ടാം ഘട്ട റാൻഡം സെലക്ഷൻ ഡ്രോ വിൽപനയിൽ ടിക്കറ്റിന് അർഹരായവർ ജൂൺ 15നകം തുക അടച്ച് ടിക്കറ്റ് സ്വന്തമാക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മുതൽ ആരംഭിച്ച പേയ്‌മെന്റ് നടപടികൾ ജൂൺ 15 ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെ തുടരും.
പിന്നീട് തുക അടയ്ക്കാൻ അവസരം ലഭിക്കില്ല. പുതിയ അപേക്ഷകളും സ്വീകരിക്കില്ല. അർഹരായവരെ ഇ-മെയിൽ മുഖേന അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 4ന് തുടങ്ങി 28ന് അവസാനിച്ച രണ്ടാം ഘട്ട റാൻഡം സെലക്ഷൻ ഡ്രോ സെയിൽസ് പീരിഡിൽ 2.35 കോടി അപേക്ഷകളാണ് ലഭിച്ചത്. ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡാണ് ഉപയോഗിക്കേണ്ടത്.
വിദേശത്തുള്ളവർ വീസ കാർഡുകൾ ഉപയോഗിക്കണം. ടിക്കറ്റെടുത്തവർക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഹയ കാർഡ് (ഫാൻ ഐഡി) നിർബന്ധമാണ്. ടിക്കറ്റ് നേടിയവർ ഖത്തറിൽ താമസ ബുക്കിങ് നടത്തിയ ശേഷം ഹയ കാർഡുകൾക്ക് അപേക്ഷിക്കണം.
ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ വീണ്ടും അവസരം. ലോകകപ്പിന്റെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് ഫിഫയുടെ വെബ്‌സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം. 20000 വളണ്ടിയർമാരെയാണ് ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. സ്റ്റേഡിയങ്ങളും പരിശീലന വേദികളും വിമാനത്താവളങ്ങളും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമാണ്.
2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം. ടൂർണമെന്റ് സമയത്ത് ചുരുങ്ങിയത് 10 ഷിഫ്റ്റിലെങ്കിലും സേവനമനുഷ്ടിക്കാൻ കഴിയണമെന്നതാണ് മറ്റൊരു നിബന്ധന. വളണ്ടിയർഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
ആദ്യഘട്ടത്തിൽ വളണ്ടിയർമാരാകാൻ അപേക്ഷിച്ചവരുടെ അഭിമുഖങ്ങൾ നടന്നുവരുന്നതിനിടെയാണ് ഫിഫ വീണ്ടും അവസരം നൽകുന്നത്. നടപടിക്രമങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂണിഫോം, ജോലി സമയങ്ങളിൽ ഭക്ഷണം, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭ്യമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല