സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചു. ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാനമാര്‍ഗവും കടല്‍ വഴിയും കരവഴിയുമുള്ള യാത്രകള്‍ക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏതാനും വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ലോകകപ്പ് വേളയിലെ എന്‍ട്രി, എക്‌സിറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പ് സമയത്ത് ഹയ്യാകാര്‍ഡ് വഴിയാണ് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. ഏതെങ്കിലും രീതിയിലുള്ള വിസിറ്റ് വിസയില്‍ വരാനാവില്ല. ലോകകപ്പ് മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റും താമസ സൗകര്യവും ഉള്ളവര്‍ക്കാണ് ഹയ്യാ കാര്‍ഡ് അനുവദിക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് മല്‍സരങ്ങള്‍ കാണാനും ഫുട്‌ബോള്‍ കാര്‍ണിവര്‍ ആസ്വദിക്കാനുമായി 15 ലക്ഷത്തോളം ഫുട്ബോള്‍ ആരാധകര്‍ രാജ്യത്ത് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പ് വേളയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിച്ചു.
ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വീസ വഴിയുള്ള പ്രവേശനം സാധാരണ നിലയിലേക്ക് മാറുമെന്ന് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറില്‍ തുടരാവുന്നതാണ്. ഇവര്‍ക്ക് 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും. ലോകകപ്പ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി കമ്മിറ്റി മീഡിയ യൂണിറ്റ് മേധാവിയും പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ചാമ്പ്യന്‍ഷിപ്പ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ സായിദ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് ലോകകപ്പ് വേളയില്‍ ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വ്യക്തിഗത റിക്രൂട്ട്മെന്റ് വിസയിലും വര്‍ക്ക് എന്‍ട്രി പെര്‍മിറ്റിലും രാജ്യത്ത് എത്തുന്നവര്‍ക്കും പ്രവേശനത്തിന് തടസ്സങ്ങളില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്ക് വിമാനമാര്‍ഗവും ഇക്കാലയളവില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് അധികൃതര്‍ ഒരുക്കിയ വണ്‍ പ്ലസ് ത്രീ പാക്കേജ് വഴി വരുന്നവര്‍ക്കും വിലക്കില്ല. ലോകകപ്പ് ടിക്കറ്റുള്ള ഒരാള്‍ക്ക് ഹയ്യാ കാര്‍ഡില്‍ മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് പദ്ധതി. ഇങ്ങനെ വരുന്നവര്‍ക്ക് പ്രത്യേക ഫീസ് ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഫീസ് അടയ്ക്കാതെ തന്നെ പ്രവേശനം അനുവദിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല