1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2022

സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് ഖത്തറിനായി റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മാച്ച് ടിക്കറ്റോ ഹയ്യാ കാര്‍ഡ് ഇല്ലാതെ തന്നെ ജിസിസി പൗരന്മാരെയും താമസക്കാരെയും സാധാരണ പ്രവേശന നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ അനുമതി നല്‍കിയിരുന്നു. സ്വന്തം വാഹനത്തില്‍ റോഡ് വഴി വരുന്നവര്‍ക്ക് ഇന്നലെ ഡിസംബര്‍ 8 മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിച്ചു തുടങ്ങി.

ആഭ്യന്തര മന്ത്രാലയവും 2022 ഫിഫ ലോകകപ്പ് ഖത്തറിന്‍റെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ കമ്മിറ്റിയും ഇന്നലെ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യോമ, കര, കടല്‍ തുറമുഖങ്ങള്‍ വഴി ജിസിസി പൗരന്മാര്‍ക്കും നിവാസികള്‍ക്കുമുള്ള പുതിയ പ്രവേശന നടപടിക്രമങ്ങള്‍ വിവരിച്ചു.

റോഡ് വഴിയുള്ള യാത്രക്കാര്‍ വരുന്ന രാജ്യം, വാഹനങ്ങളുടെ തരം, മോഡല്‍, നമ്പര്‍ പ്ലേറ്റ്, പ്ലാറ്റ്ഫോമിലെ മറ്റ് അനുബന്ധ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് ലോകകപ്പ് സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡറുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ ബുഹാഷിം അല്‍ സെയ്ദ് അറിയിച്ചു. നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്.

ഇന്‍ഷുറന്‍സ് പോളിസി ഫോം പൂരിപ്പിക്കുക, ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. വാഹനങ്ങള്‍ക്കുള്ള പ്രീ- എന്‍ട്രി ഫീസ് നല്‍കേണ്ടതില്ല. യാത്രാ തീയതിക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ടെന്നും അല്‍ സെയ്ദ് പറഞ്ഞു. ബസുകള്‍ ഉപയോഗിച്ച് റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്നവര്‍ക്ക് സാധാരണ പോലെ വരാമെന്നും സന്ദര്‍ശകര്‍ക്ക് ഫീസ് കൂടാതെ പാര്‍ക്കിംഗ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങള്‍ വഴി ഹയ്യ പ്ലാറ്റ്ഫോം വഴി രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ഫിഫ ലോകകപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.