സ്വന്തം ലേഖകൻ: കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് നഗരസഭാ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് വിലക്കേർപ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ ഈടാക്കും. ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെ 2 മാസത്തേക്കാണ് വിലക്ക്.
പ്രജനന കാലത്ത് മീൻപിടിക്കുന്നത് മീനുകളുടെ നിലനിൽപ്പിന് ഭീഷണിയായതിനാലാണ് നിയന്ത്രണം. നിരോധിത കാലയളവിൽ വല ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കാൻ പാടില്ല. മീൻ പിടിക്കുന്ന ഹലാഖ് എന്ന പ്രത്യേക തരം വലയുടെ വിൽപനയും വല ബോട്ടുകളിൽ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കാം. മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടിത്തം അനുവദിക്കില്ല. നിരോധിത കാലയളവിൽ ഗവേഷണത്തിനു വേണ്ടി കിങ്ഫിഷ് പിടിക്കുന്നതിന് അനുമതിയുണ്ട്.
എന്നാൽ നഗരസഭ-പരിസ്ഥിതി മന്ത്രാലയങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. നിരോധിത കാലയളവിൽ മീൻപിടിത്തം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം കർശന പരിശോധന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല