1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, അല്‍ ജസീറ ചാനല്‍ പൂട്ടണമെന്ന് സൗദിയും സഖ്യകക്ഷികളും, 13 ഉപാധികള്‍ അറബ് സഖ്യം കുവൈത്തിന് കൈമാറി. ഖത്തറിനെതിരേ മൂന്നാഴ്ചയായുള്ള ഉപരോധം അവസാനിപ്പിക്കാന്‍ അല്‍ജസീറ ചാനല്‍ പൂട്ടണമെന്ന ആവശ്യമുള്‍പ്പെടെ സൗദിയും സഖ്യരാജ്യങ്ങളും 13 ഉപാധികള്‍ മുന്നോട്ടുവച്ചു. ഇറാനുമായുള്ള ബന്ധം വിചേ്ഛദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം പൂട്ടുക, മുസ്ലിം ബ്രദര്‍ഹുഡും ഐഎസുമായുള്ള ബന്ധം വേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണു തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിനു സമര്‍പ്പിച്ചത്.

ഇതു ഖത്തറിനു കൈമാറിയിട്ടുണ്ടെങ്കിലും ഉപാധികള്‍ മുഴുവന്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണു നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാസം അഞ്ചു മുതല്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയതന്ത്രബന്ധം അവസാനിപ്പിച്ചത്.
ഇതോടെ, ഈ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തി.

ആരോപണങ്ങള്‍ നിഷേധിച്ച ഖത്തര്‍, തങ്ങളുടെ പരമധികാരത്തിലുള്ള കടന്നുകയറ്റമാണിതെന്നു പ്രതികരിച്ചിരുന്നു. പരിഷ്‌കൃതമായ രീതിയില്‍ സഖ്യരാജ്യങ്ങള്‍ അനുരഞ്ജനച്ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് കഴിഞ്ഞ 19 ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഖത്തറിന്റെ എണ്ണ സമ്പത്തും ഇതിന്റെ അടിസ്ഥാനത്തിലുള്ള വിദേശനയങ്ങളുമാണ് അയല്‍രാജ്യങ്ങളെ പ്രകോപിപ്പിച്ചത്. ഇതിനു പുറമെ ഈജിപ്തിലെ ബ്രദര്‍ഗുഡിനെയും ഗാസ മുനമ്പിലെ ഹമാസിനെയും സായുധ സംഘങ്ങളെയും അവര്‍ പിന്തുണച്ചതും ഉപരോധത്തിനു കാരണമായി.

അറബ് ഏകാധിപതികള്‍ക്കെിരേയുള്ള വിമതനീക്കത്തെ പിന്തുണച്ചതു കൊണ്ടാണ് അല്‍ജസീറയ്‌ക്കെതിരേ കടുത്ത നിലപാട് സൗദി സഖ്യം സ്വീകരിക്കുന്നതെന്നാണ് സൂചന. സൗദിയില്‍ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ഉപാധികള്‍ മുന്നോട്ടു വച്ചതെന്നതും ശ്രദ്ധേയമാണ്. ഖത്തറിനും അല്‍ജസീറക്കും എതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.