സ്വന്തം ലേഖകന്‍: സൗദിയും സഖ്യ കക്ഷികളും ഖത്തറിന് അനുവദിച്ച സമയ പരിധി അവസാനിക്കുന്നു, വരാനിരിക്കുന്നത് കടുത്ത നടപടികളെന്ന് ആശങ്ക. ഉപരോധം പിന്‍വലിക്കാന്‍ ഖത്തറിന് മുന്നില്‍ സൗദിഅറേബ്യയും സഖ്യരാജ്യങ്ങളും വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് അനുവദിച്ച പത്തുദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന ഖത്തറിന്റെ നിലപാടോടെ ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി തുടരുകയാണ്.
അന്ത്യശാസനത്തിന്റെ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ ഇത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ഖത്തര്‍ ഈ വ്യവസ്ഥകള്‍ നിരാകരിച്ചിട്ടുണ്ട്. പ്പോഴത്തെ നടപടികള്‍ തിരുത്തുന്നില്ലെങ്കില്‍ ഖത്തറിന് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍നിന്ന് വിട്ടുപോകാമെന്ന് നേരത്തെതന്നെ യു.എ.ഇ. വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി.സി.സി.യില്‍ തുടരാന്‍ അവര്‍ക്ക് താത്പര്യമില്ലെന്നാണ് അവരുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടയ്ക്കുക എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ഉപാധികള്‍. ഖത്തറിലെ സൈനിക താവളം അടയ്ക്കില്ലെന്ന് വ്യക്തമാക്കിയ തുര്‍ക്കി ആവശ്യമെങ്കില്‍ അവിടേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും അറിയിച്ചു.
കുവൈത്ത് അമീര്‍ ഷെയ്ഖ് സബായുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും കാര്യമായ പുരോഗതിയില്ല. ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് പോയ അമീര്‍ യാത്ര വെട്ടിച്ചുരുക്കി കുവൈത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ ദിവസങ്ങള്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ഇടപടെലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല