സ്വന്തം ലേഖകന്‍: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവച്ച 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടിയ സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച കെയ്‌റോയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അതിനിടെ 13 ഇന ഉപാധികള്‍ക്കുള്ള ഔദ്യോഗിക മറുപടി ഖത്തര്‍, കുവൈത്ത് അമീറിന് കൈമാറി.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികള്‍ തള്ളിക്കളയുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടയ്ക്കുക എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ഉപാധികള്‍. ഖത്തറിലെ സൈനിക താവളം അടയ്ക്കില്ലെന്ന് വ്യക്തമാക്കിയ തുര്‍ക്കി ആവശ്യമെങ്കില്‍ അവിടേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും അറിയിച്ചു.
കുവൈത്ത് അമീര്‍ ഷെയ്ഖ് സബായുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും കാര്യമായ പുരോഗതിയില്ല. ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് പോയ അമീര്‍ യാത്ര വെട്ടിച്ചുരുക്കി കുവൈത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ ദിവസങ്ങള്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ഇടപടെലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്.
ഉപാധികള്‍ക്ക് അനുവദിച്ച സമയപരിധി ഞായറാഴ്ച രാത്രി അവസാനിച്ചിരുന്നു. മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന പ്രകാരമാണ് സമയപരിധി 48 മണിക്കൂര്‍ നീട്ടിയതെന്ന് നാലു രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയെ ഉദ്ധരിച്ച് സൌദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 23നാണ് ഉപരോധം പിന്‍വലിക്കാനായി പതിമൂന്നിന ആവശ്യങ്ങള്‍ സൌദിയും സഖ്യ രാജ്യങ്ങളും മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കാന്‍ പത്തുദിവസത്തെ സമയവും നല്‍കി.
എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നു ശനിയാഴ്ച വ്യക്തമാക്കിയ ഖത്തര്‍ വിദേശമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, ഭീകര വിരുദ്ധ പോരാട്ടമല്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിത്തറ തോണ്ടുന്നതിനാണ് ഉപാധികളിലൂടെയും മുന്നറിയിപ്പിലൂടെയും ഈ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. തിങ്കളാഴ്ച രാവിലെ കുവൈത്തിലെത്തിയാണ് ഖത്തര്‍ വിദേശമന്ത്രി ഉപാധികള്‍ക്കുള്ള ഖത്തര്‍ അമീറിന്റെ ഔദ്യോഗിക മറുപടി കൈമാറിയത്.
ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തറിനെതിരെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുമെന്നാണ് സൂചന. അതേസമയം, പ്രശ്‌ന പരിഹാരത്തിനായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ഇസാ രാജാവുമായും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമമായും ഫോണില്‍ സംസാരിച്ചു. സൌദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര, സാമ്പത്തിക, ഗതാഗത ബന്ധം വിഛേദിച്ചത്. ഭീകര സംഘടനകള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല