സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങല്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഇടപെടണമെന്നും തുര്‍ക്കിയും ഇറാനും എല്ലാം ഇതിനായി ശ്രമങ്ങള്‍ നടത്തണമെന്നും മെര്‍ക്കല്‍ പറഞ്ഞു. ജര്‍മനിക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍വഹിക്കാനാവില്ല. പക്ഷേ പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകുമെന്നും മെര്‍ക്കല്‍ അറിയിച്ചു. നേരത്തെ തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗനും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം മെയ്ഡ് ഇന്‍ ഖത്തര്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. പ്രാദേശിക ഫാ0 ഉല്‍പന്നങ്ങള്‍ മുതല്‍ സോപ്പു പൊടി വരെയുള്ള ഉല്‍പന്നങ്ങള്‍ ഖത്തര്‍ നിര്‍മിതമായത് മാത്രം തിരഞ്ഞെടുത്താണ് സ്വദേശികളും വിദേശികളും ഖത്തറിന് പിന്തുണ അറിയിക്കുന്നത്. ഖത്തറിന് പുറമെ തുര്‍ക്കിയുടെ ഉല്‍പന്നങ്ങളും ഇതോടെ വിപണിയില്‍ സജീവമാവുകയാണ്.
പാല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പെടെ ചില ആവശ്യവസ്തുക്കള്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ ദുബായ്, സൗദി അറേബ്യ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നായിരുന്നു ദിവസവും ഖത്തറില്‍ എത്തിയിരുന്നത്. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് അബൂസാമ്ര അതിര്‍ത്തി മുന്നറിയിപ്പില്ലാതെ അടച്ചതാണ് സര്‍ക്കാരിനെയും ജനങ്ങളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പിറ്റേദിവസം തന്നെ നാല് കാര്‍ഗോ വിമാനങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഫ്രഷ് പാല്‍ എത്തിച്ചാണ് സര്‍ക്കാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയത്.ഒപ്പം പ്രാദേശിക ഉത്പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തിയ മന്ത്രാലയങ്ങള്‍ ഈ ഉല്‍പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു.
ഖത്തര്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും അവിടെയുള്ള ഇന്ത്യാക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതായി അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള സഹായം വേണമെന്നു തോന്നിയാല്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു പ്രവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നു മന്ത്രാലയം വ്യക്തമാക്കി. ആറു രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യാക്കാരാണ് പ്രവാസികളായി ജോലി ചെയ്യുന്നത്. അതേസമയം ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു.
യാത്ര, വ്യാപാരം എന്നീ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നതിനാലാണ് നടപടി മയപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. എന്നാല്‍ ഖത്തര്‍ തീവ്രവാദത്തിന്റെ ഉന്നതനിലവാരത്തിലുള്ള സ്‌പോണ്‍സറാണെന്ന സൗദിയുടേയും യുഎഇയുടേയും വാദം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല