സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി തുടരുന്നു, ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമായി ഇറാന്‍ വിമാനങ്ങള്‍ ഖത്തറിലേക്ക്, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത്. ഖത്തറില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി ഇറാന്‍ ഭക്ഷണ സാധനങ്ങളടങ്ങിയ അഞ്ചു വിമാനങ്ങള്‍ ഖത്തറിലേയ്ക്ക് അയച്ചു. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇറാന്റെ വിമാനങ്ങള്‍ ഖത്തറിലേയ്ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്.
ഭക്ഷണ സാധനങ്ങളും പഴ വര്‍ഗ്ഗങ്ങളുമടക്കം 90 ടണ്‍ തൂക്കമുള്ള കാര്‍ഗോയാണ് അഞ്ചു വിമാനത്തിള്‍ ഉള്ളതെന്ന് ഇറാന്‍ വ്യോമയാന വക്താവ് ഷാറൂഖ് നൗഷാദി പറഞ്ഞു. പിന്നാലെ ഒരു വിമാനം കൂടി അയയ്ക്കുമെന്നും 350 ടണ്‍ ഭക്ഷണ വസ്തുക്കള്‍ നിറച്ച് മൂന്ന് കപ്പലുകള്‍ ഖത്തറിലേയ്ക്ക് പുറപ്പെടാന്‍ തയറാകുന്നതായും അദേഹം അറിയിച്ചു.
ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അദേഹം വ്യക്തമാക്കി.
സൗദി, യുഎഇ, ബഹറൈന്‍ മുതലായ രാജ്യങ്ങളും ഖത്തറും തമ്മില്‍ നില നില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധി 6 ദിവസം പിന്നിട്ടതോടെ ചര്‍ച്ചകള്‍ നടത്താന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനു കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണു മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി വരുന്നത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും നില നിര്‍ത്തുന്നതിനുള്ള മഹത്തായ ലക്ഷ്യം കണക്കിലെടുത്ത് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഖത്തറിലെ സഹോദരങ്ങള്‍ സന്നദ്ധത പ്രകടിച്ചുവെന്നാണു കുവൈത്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസ്ഥാവന.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയാണു സൗദി, യുഎഇ, ബഹറൈന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള മറ്റു ചില ഗള്‍ഫ് ഇതര രാഷ്ട്രങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. വിഷയത്തില്‍ നിഷ്പക്ഷത പുലര്‍ത്തുന്ന കുവൈത്ത് അമീര്‍ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി സൗദി, യുഎഇ രാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ച ശേഷം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമ്മദ് അല്‍ താനിയുമായും ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ പ്രശ്‌ന പരിഹാരത്തിനു അറബ് ലീഗ് തിങ്കളാഴ്ച അടിയന്തിര യോഗം ചേരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല