സ്വന്തം ലേഖകന്‍: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും. ഖത്തര്‍ വിമാനങ്ങള്‍ക്കായി എയര്‍സ്‌പേയ്‌സ് തുറന്നുകൊടുത്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ എയര്‍സ്‌പേയ്‌സിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
യുഎഇയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സമുദ്രഭാഗത്തിന് മുകളിലൂടെയുള്ള എയര്‍സ്‌പേയ്‌സ് ഉപയോഗിക്കാനുള്ള അനുവാദമേ ഈ വിമാനങ്ങള്‍ക്കുള്ളു. ബഹ്‌റൈനിന്റേയും യുഎഇയുടേയും വ്യോമമേഖലയുടെ ഭാഗം ഖത്തര്‍ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി യുഎഇ രംഗത്തെത്തിയത്.
സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനും (ജിഎസിഎ) റിപ്പോര്‍ട്ട് തള്ളി. ഖത്തറിനെ ബഹിഷ്‌കരിച്ച ചില രാജ്യങ്ങളുടെ എയര്‍സ്‌പേയ്‌സ് ഖത്തര്‍ എയര്‍വേയ്‌സ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് സൗദി അതോറിറ്റി പറഞ്ഞു. സൗദി അറേബ്യയുടെ എയര്‍സ്‌പേയ്‌സിന്റെ പശ്ചിമ ഭാഗം രാജ്യത്തിന് ആധിപത്യമുള്ളതാണെന്നും ഇത് ഉപയോഗിക്കുന്നതില്‍ നിന്ന് ഖത്തര്‍ വിമാനങ്ങളെ വിലക്കിയിട്ടുണ്ടെന്നും ജിഎസിഎ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമമേഖല തുറന്നുകൊടുത്തിട്ടില്ലെന്ന് ബഹ്‌റൈനും വ്യക്തമാക്കി. സമുദ്രത്തിനു മുകളിലുള്ള മുഴുവന്‍ വ്യോമപാതകളും ജൂണ്‍ 11 മുതല്‍ തുറന്നതായും ഈ രാജ്യങ്ങള്‍ പറഞ്ഞു. ഖത്തറുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്നാണ് യുഎഇ, സൗദി അറേബ്യ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ എയര്‍സ്‌പേയ്‌സ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല