സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ഇടപെടുന്നു, വ്യോമപാത മാറ്റിപ്പറന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍, അധിക ഇന്ധനച്ചെലവിനും സമയ നഷ്ടത്തിനും ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കും ഇരയാകുക മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. കുവൈത്ത് അമീര്‍ മധ്യസ്ഥശ്രമവുമായി ചൊവ്വാഴ്ച സൗദി രാജാവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രതിസന്ധിയെക്കുറിച്ച് ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.
മധ്യസ്ഥശ്രമവുമായി ഇറങ്ങിയ കുവൈത്ത് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ അഭ്യര്‍ഥനമാനിച്ചാണ് ഇതെന്നാണ് സൂചന. തുര്‍ക്കിയും മധ്യസ്ഥശ്രമവുമായി രംഗത്തുണ്ട്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഖത്തര്‍, റഷ്യ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ നേതാക്കളെ ഫോണില്‍ വിളിച്ച് പ്രശ്‌നം രമ്യമായിപരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ സൗദി, യു.എ.ഇ, ഒമാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ അവസാനിപ്പിച്ചു. ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യംവിടാന്‍ 14 ദിവസമാണ് നല്‍കിയത്. ഖത്തര്‍ എയര്‍വവെയ്‌സ് വിമാനങ്ങള്‍ക്ക് സൗദിയിലേക്ക് പറക്കാനുള്ള ലൈസന്‍സ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചൊവ്വാഴ്ച റദ്ദാക്കി.
സൗദി, യുഎഇ അടക്കം ഏഴ് രാജ്യങ്ങള്‍ ഭീകരബന്ധവും മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്ന കുറ്റവും ആരോപിപിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഖത്തറിലെ ഏഴു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹമാണ്. ഉപരോധ വാര്‍ത്ത പുറത്തുവന്നതോടെ വിമാനടിക്കറ്റുകള്‍ക്ക് വില വര്‍ധിച്ചത് മലയാളി പ്രവാസികളെയടക്കം ബാധിച്ചിട്ടുണ്ട്. അവധിക്കാലം ഈ മാസം പകുതിയോടെ ആരംഭിക്കുന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തുവച്ചിരുന്നവര്‍ ഏറെയാണ്.
ദോഹയില്‍ നിന്നും നേരിട്ടല്ലാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലൂടെ വിമാന ടിക്കറ്റ് എടുത്തവരെല്ലാം ഇനി ടിക്കറ്റ് മാറ്റി വാങ്ങേണ്ടിവരും. ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നും നേരത്തെ ടിക്കറ്റ് ബു്ക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പണം മടക്കി നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ പ്രതിസന്ധി രൂപപ്പെട്ടതോടെ വിമാന ടിക്കറ്റുകള്‍ക്ക് ഇരട്ടിയോളം വില കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരക്കുകൂടി വരുന്നതോടെ ടിക്കറ്റ് കിട്ടാന്‍ കാത്തിരിക്കേണ്ടിയും വന്നേക്കാം.
ദോഹയില്‍ നിന്ന് നാട്ടിലേക്ക് നേരിട്ടുള്ള വിമാനം ലഭിച്ചില്ലെങ്കിലും റിയാദ്,ജിദ്ദ, ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഖത്തര്‍ മലയാളികള്‍ നാട്ടിലേക്ക് വരാറുള്ളത്. സൗദ്ദിയിലേക്കോ റിയാദിലേക്കോ പോകേണ്ടവര്‍ ദോഹ വഴിയും ഇങ്ങനെ മാറികേറി വരാറുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുക്കേണ്ടി വരും.
സൗദിയും യുഎഇയും ആകാശവിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ പുതിയ പാതയിലൂടെ പറക്കാന്‍ ആരംഭിച്ചു. സൗദ്ദിയേയും യുഎഇയേയും സ്പര്‍ശിക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇത് യാത്രാസമയം വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഇറാനായിരിക്കും ഖത്തര്‍ എയര്‍വേഴ്‌സിന്റെ ട്രാന്‍സിറ്റ് പോയിന്റ്.
ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ ഇറാന്‍ വഴി തിരിച്ചു വിട്ട സാഹചര്യത്തില്‍ ഇന്ധന ഉപഭോഗവും, യാത്രാസമയവും,ടിക്കറ്റ് ചാര്‍ജ്ജുമെല്ലാം വര്‍ധിക്കും. സ്‌കൂള്‍ അവധിയും അടുത്തുവരുന്നതോടെ പ്രധാനമായും ഈ പ്രതിസന്ധിയുടെ ഇരകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് തിരിക്കുന്ന മലയാളി പ്രവാസി കുടുംബങ്ങളാകുകയും ചെയ്യും.
ഏഴു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. ഖത്തറിലുള്ള മലയാളികളുടെ വിവരം നോര്‍ക്ക ശേഖരിക്കാന്‍ തുടങ്ങിയതായി നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ 2022 ഖത്തര്‍ ലോകകപ്പ് നടത്തിപ്പില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയും രംഗത്തെത്തി.
വിപണിയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതെങ്കിലും സൗദിയില്‍ നിന്നാണ് ഖത്തര്‍ വിപണയിലേക്ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത്. ഖത്തറിലേക്കുള്ള പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ അധികവും വരുന്നത് സൗദിയില്‍ നിന്നോ സൗദി വഴിയോ ആണ്. ഖത്തറിലേക്ക് ഏറ്റവുമധികം വാഹനങ്ങളും വാഹനസാമഗ്രികളും എത്തുന്നത് യുഎഇയില്‍ നിന്നാണ്.
പ്രതിസന്ധിയുടെ വാര്‍ത്ത പുറത്തുവന്നതോടെ ഭക്ഷണസാധനങ്ങളും വെള്ളവും വാങ്ങിക്കൂട്ടാനായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നു. സ്ഥിതിഗതികള്‍ മൊത്തത്തില്‍ ആശങ്കാജനകമാണെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി ദോഹയിലേക്കുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല