സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം. സൗദി സഖ്യ രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തുര്‍ക്കിയിലെ ഖത്തര്‍ സ്ഥാനപതി സലേം ബിന്‍ മുബാറക് അല്‍ ഷാഫി ആരോപിച്ചു. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലേക്കുള്ള കര, സമുദ്ര, വ്യോമ അതിര്‍ത്തി അടച്ചത് ബഹിഷ്‌കരണമല്ല ഉപരോധം തന്നെയാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അല്‍ഷാഫി പറഞ്ഞു. ഖത്തറി വിമാനങ്ങള്‍ക്ക് സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ഇറാന്‍, തുര്‍ക്കി വ്യോമ പാതകള്‍ ഉപയോഗിച്ച് ഉപരോധത്തെ ഖത്തര്‍ അതിജീവിച്ചെന്നും അല്‍ഷാഫി ചൂണ്ടിക്കാട്ടി.
സൗദി സഖ്യ രാജ്യങ്ങളുടെ നടപടി നിയമവിരുദ്ധവും അധാര്‍മികവും മാനുഷിക, അറബ്, ഇസ്ലാമിക് മൂല്യങ്ങള്‍ക്ക് അകലയൊണെന്നും അല്‍ ഷാഫി പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് പതിനായിരകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. നിരവധി മനുഷ്യാവകാശങ്ങളാണ് ലംഘിക്കപ്പെട്ടത്. ജനീവയിലെ മനുഷ്യാവകാശ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്ക് മുമ്പില്‍ അവകാശലംഘനങ്ങള്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അയല്‍രാജ്യങ്ങളുടെ ഉപരോധം ഒരു മാസമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആഹ്വാനം ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ഖത്തറി മിഷനിലെ സുരക്ഷാ കൗണ്‍സിലിലെ അസ്ഥിര അംഗങ്ങളുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
പ്രതിസന്ധി പരിഹരിക്കാന്‍ ഗൗരവതരമായ ചര്‍ച്ച നടത്താന്‍ എല്ലാ കക്ഷികളേയും പ്രോത്സാഹിപ്പിക്കാനും കൗണ്‍സിലിനോട് ആരാഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ശൈഖ് മുഹമ്മദ് ന്യൂയോര്‍ക്കിലെത്തിയത്. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കാമെന്ന് ടില്ലേഴ്‌സണ്‍ ഉറപ്പ് നല്‍കിയതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല