1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, 13 നിബന്ധനകള്‍ക്കു പകരം പൊതുകരാറിന് ശ്രമം, സൗദിയും സഖ്യ രാജ്യങ്ങളും നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. സൗദി ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിയ സാഹചര്യത്തില്‍ ഖത്തറിനെതിരെ രാഷ്ട്രീയ സാമ്പത്തിക നിയമ നടപടികള്‍ ശക്തമാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പൊതു കരാറിനായുള്ള ശ്രകം ശക്തമായത്.

അനുരഞ്ജന ചര്‍ച്ചകള്‍ ജിസിസി രാജ്യങ്ങളുടെ മാത്രം മധ്യസ്ഥതയില്‍ പരിഹരിക്കാനാവില്ലെന്ന സൂചനയെ തുടര്‍ന്നാണ് കുവൈറ്റിന്റെ മധ്യസ്ഥതയില്‍ അമേരിക്കയുടെയും, ബ്രിട്ടന്റെയും നേരിട്ടുള്ള ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്. പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ബ്രിട്ടനും, അമേരിക്കയും പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്.

മുന്നോട്ടുവെച്ച 13 ഉപാധികള്‍ക്ക് പകരം പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദേശമായിരിക്കും ഇനി ഉണ്ടാവുകയെന്നാണ് സൂചന. അതിനിടെ സൗദി സഖ്യത്തില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു ഖത്തര്‍ അറിയിച്ചു. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിതിനാല്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടായതായി ഖത്തര്‍ ആരോപിച്ചു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിരോധിക്കപ്പെട്ടു. ഖത്തര്‍ വിദ്യാര്‍ഥികളെ പ്രസ്തുത രാജ്യങ്ങളില്‍നിന്നു പുറത്താക്കി. കമ്പനിനികളുടെയും വ്യക്തികളുടെയും നഷ്ടപരിഹാര ക്ലെയിമുകള്‍ പരിശോധിക്കാനാണു കമ്മിറ്റി രൂപീകരിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെറ്റയിസ് അല്‍ മാരി വ്യക്തമാകി. എന്നാല്‍ ഖത്തറിന്റെ ആവശ്യം സൗദിയേയും സഖ്യ രാജ്യങ്ങളേയും കൂടുതല്‍ പ്രകോപിപ്പിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.