സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ വിലക്ക് നേരിടാന്‍ സാമ്പത്തികമായി സജ്ജമെന്ന് ഖത്തര്‍, ഖത്തറിനു മേലുള്ള വിലക്ക് നീക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ബ്രിട്ടന്‍, പ്രതിസന്ധി തുടരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര വിലക്കിനേത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ ഖത്തര്‍ സജ്ജമാണെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ എമാദി വ്യക്തമാക്കി.
വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ട്. ഖത്തറിന്റെ വിദേശ വരുമാനത്തില്‍ ജിഡിപിയേക്കാള്‍ 250 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങള്‍ ഖത്തറിനെതിരെ നിലപാടെടുത്തപ്പോള്‍ അത് ഖത്തര്‍ വിപണിയെ തെല്ലൊന്നുലച്ചെന്ന് സമ്മതിച്ച ധനമന്ത്രി എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിയില്‍ നിന്ന് രാജ്യം കരകയറിയെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അവകാശപ്പെട്ടു.
ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ബ്രിട്ടന്‍ സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പ്രശ്‌ന പരിഹാര ചര്‍ച്ചകളുടെ ഭാഗമായി ബോറിസ് ജോണ്‍സണ്‍ ഈയാഴ്ച അവസാനം സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന!് അല്‍താനി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. ഉപരോധത്തിനെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഖത്തര്‍ വിദേശകാര്യമന്ത്രി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കുവൈത്ത് അമീര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ലോകരാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്നും ഖത്തര്‍ അഭ്യര്‍ഥിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബഹ്‌റിന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല