സ്വന്തം ലേഖകന്‍: ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്, ആരാധന പോലും തടഞ്ഞതായി ആരോപണം. ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഖത്തറിനോടും ഖത്തറുകാരോടും സൗദി അറേബ്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായാണ് ഭാഗത്തുനിന്നുണ്ടായെന്നാണ് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഖത്തര്‍ മനുഷ്യാകവാശ സമിതി പുറത്തുവിട്ടു.
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് ശേഷം സൗദിയാണ് വളരെ മോശമായി പെരുമാറിയതെന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു നേരിട്ട പ്രശ്‌നങ്ങള്‍ ഖത്തര്‍ പരാതിയായി സ്വീകരിച്ചു വരികയാണ്. ഇതുവരെ ലഭിച്ചത് 3446 പരാതികള്‍. ഇതില്‍ കൂടുതലും സൗദിക്കെതിരേയാണ്.
സൗദിയുടെ ഭാഗത്തുനിന്ന് 2045 പ്രശ്‌നങ്ങള്‍ ഖത്തറുകാര്‍ നേരിട്ടു. ആരാധനയക്ക് അനുവദിച്ചില്ല എന്ന ഗുരുതരമായ ആരോപണങ്ങളും സൗദിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൗദി പ്രതികരിച്ചിട്ടുമില്ല. ഖത്തര്‍ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനം സൗദിക്കെതിരേ ആണെന്ന് സമിതി വൃത്തങ്ങള്‍ പറയുന്നു. സുഗമമായ ഗതാഗതം തടഞ്ഞുവെന്ന പരാതിയാണ് കൂടുതലും.
724 യാത്ര തടഞ്ഞ കേസ്, 633 സ്വത്ത് കേസ്, കുടുംബ വിഷയവുമായ ബന്ധപ്പെട്ട 331 കേസ്, ആരാധന തടഞ്ഞുവെന്ന 158 കേസ്, താമസ സൗകര്യവുമായി ബന്ധപ്പെട്ട 58 കേസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 55 കേസ് എന്നിവയാണ് സൗദിക്കെതിരേ ലഭിച്ചിരിക്കുന്നത്. ഉപരോധം തുടങ്ങിയ ശേഷം സ്വത്തുമായി ബന്ധപ്പെട്ട 367 കേസുകളാണ് യുഎഇക്കെതിരേ ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം തടഞ്ഞു എന്ന ആരോപണമാണ് ഇതില്‍ കൂടുതലും.
ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറുകാരും അവരുടെ ഉടസ്ഥതയിലുള്ള കമ്പനികളും നേരിട്ട പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കുകയാണ് ഖത്തര്‍ മനുഷ്യാവകാശ സമതിയുടെ ലക്ഷ്യം. ഖത്തറിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും യുഎഇയും ബഹ്‌റൈനും നീങ്ങിയതെന്ന് ഖത്തര്‍ ആരോപിക്കുന്നു.
ഒരു രാജ്യം മറ്റൊരു രാജ്യത്തെ വ്യക്തികളെയും വ്യവസായ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ അവകാശ ലംഘനമാണെന്ന് ഖത്തര്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ അലി ബിന്‍ അല്‍ മാരി വ്യക്തമാക്കി. മൂന്ന് രാജ്യങ്ങള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്റിലെ നിയമകമ്പനിയെ ആണ് ഖത്തര്‍ വിഷയത്തില്‍ സമീപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല