സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി തുടരുന്നു, സമൂഹ മാധ്യമങ്ങളില്‍ ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ, പ്രതിസന്ധി റഷ്യയുടെ തിരക്കഥയെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യങ്ങള്‍ സ്വീകരിച്ച ഉപരോധ നടപടികളെ തുടര്‍ന്ന് ഗള്‍ഫ്, അറബ് മേഖലയിലുണ്ടായ പ്രതിസന്ധി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബ്ബര്‍ അല്‍ സബാ ബുധനാഴ്ച വൈകീട്ട് യു.എ.ഇ. യിലെത്തി. പ്രതിസന്ധി തുടരുന്നതിനിടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ യു.എ.ഇ.യിലെ ഓഫീസുകള്‍ ബുധനാഴ്ച അടച്ചു. ഖത്തറിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ എഴുതുന്നവര്‍ക്ക് എതിരേ കര്‍ശന നടപടികളുണ്ടാവുമെന്ന് യുഎഇ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബാധകമാണ്.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനുളള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത സല്‍മാന്‍ രാജാവുമായി ട്രംപ് പങ്കുവച്ചു. നേരത്തെ, തന്റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണു ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഭീകരരെ സഹായിക്കുന്ന ഖത്തറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അവരുമായുള്ള നയതന്ത്രബന്ധം വെട്ടിചുരുക്കുകയാണെന്ന് ജോര്‍ദാനും അറബ് ലീഗില്‍ അംഗമായ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മൗറിടാനിയയും പ്രഖ്യാപിച്ചു. ജോര്‍ദാന്‍ ഖത്തറിന്റെ അല്‍ ജസീറ ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ദോഹ വഴിയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി മൊറോക്കോയുടെ വിമാനക്കമ്പനിയായ റോയല്‍ എയര്‍ മൊറോക്കോ പ്രഖ്യാപിച്ചു.
അതേസമയം ഗല്‍ഫ് മേഖലയില്‍ ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിച്ചത് വന്‍ ഗൂഢാലോചനയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തറിനെ ഒറ്റപ്പെടുത്താന്‍ കാരണം വ്യാജ വാര്‍ത്തകളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കും നിലവിലെ പ്രതിസന്ധികള്‍ക്കും പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഖത്തര്‍ വാര്‍ത്താ ഏജന്‍സിയെ ഉപയോഗപ്പെടുത്തിയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ഇറാനെ പ്രശംസിച്ചും ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചും കൊണ്ടുള്ള ഖത്തര്‍ അമീറിന്റെ പ്രസ്താവന ആയിരുന്നു പ്രധാന വാര്‍ത്ത. അത് മറ്റ് അറബ് രാഷ്ട്രങ്ങളേയും അമേരിക്കയേയും കാര്യമായിത്തന്നെ പ്രകോപിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ അടുപ്പത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ഈ നീക്കം നടത്തിയത്.
വാര്‍ത്ത വ്യാജമാണെന്ന് ഖത്തര്‍ ഉടന്‍ തന്നെ പ്രതികരിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന വിശദീകരണവും നല്‍കി. എന്നാല്‍ അത് വിശ്വാസത്തിലെടുക്കാന്‍ മറ്റു ഗല്‍ഫ് രാജ്യങ്ങള്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ദോഹയിലേക്ക് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സികള്‍ ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുന്നതാണ് റഷ്യന്‍ രീതിയെന്ന് അമേരിക്ക ആരോപിക്കുന്നു.
അടുത്തിടെ ജര്‍മനിയിലേയും ഫ്രാന്‍സിലേയും തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രവര്‍ത്തനം റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും അമേരിക്ക ആക്ഷേപിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് പുറത്തുവിട്ട വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലും റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഖത്തര്‍ പ്രതിസന്ധിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണ് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് റഷ്യയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല