സ്വന്തം ലേഖകന്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക സൗദി പുറത്തുവിട്ടു, പട്ടിക അടിസ്ഥാനരഹിതമെന്ന് ഖത്തര്‍, പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി സൗദി തയാറാക്കിയ 59 അംഗ ഭീകരപ്പട്ടികയില്‍ ഖത്തറിലെ മുന്‍ ആഭ്യന്തരമന്ത്രി അബ്ദുള്ള ബിന്‍ ഖാലിദ് അല്‍താനി, ദോഹയിലുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആധ്യാത്മികാചാര്യന്‍ യൂസഫ് അല്‍ ഖറദാവി എന്നിവരും ഖത്തറിലെ വിവിധ ജീവകാരുണ്യ സംഘടനകളും ഇടം പിടിച്ചിട്ടുണ്ട്.
ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഇവര്‍ ധനസഹായം നല്‍കുന്നുവെന്നാണ് ആരോപണം. സൗദി അറേബ്യ, ഈജിപ്ത്, ബഹറിന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പട്ടിക പുറത്തിറക്കിയത്. നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ഭീകരപ്പട്ടിക പുറത്തിറക്കിയത് എന്നാല്‍ ഭീകരപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണു സൗദി സഖ്യം ഉന്നയിക്കുന്നതെന്നും പട്ടിക തള്ളിക്കൊണ്ട് ഖത്തര്‍ പ്രതികരിച്ചു. പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങള്‍ എടുത്തതിനേക്കാള്‍ ശക്തമായ നടപടികളാണു ഭീകര്‍ക്ക് എതിരേ തങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഖത്തര്‍ വ്യക്തമാക്കി.
വൈത്ത് അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ വിഷയത്തില്‍ അനുരജ്ഞ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തര്‍ ബന്ധമുള്ളവരുടെ പട്ടിക സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. സൗദിയെ കൂടാതെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ സംയുക്തമായാണ് പട്ടിക പുറത്തുവിടുന്നത് എന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റ് അംഗരാജ്യങ്ങളുടെ നിരന്തര മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഖത്തര്‍ തീവ്രവാദപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നത് എന്നും സൗദി വാര്‍ത്താ ഏജന്‍സി പറയുന്നു.
ഖത്തറില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന മൂന്ന് കുവൈത്ത് പൗരന്മാര്‍, ആറ് ബഹ്‌റൈന്‍ സ്വദേശികള്‍, ഇരുപത്തിയാറ് ഈജിപ്റ്റ് പൗരന്മാര്‍ എന്നിവരുടെയും പേരുവിവരങ്ങള്‍ നാല് അറബ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച് നാല് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയത്. സൗദി അറേബ്യ, ബഹറിന്‍, ഈജിപ്റ്റ്, യുഎഇ എന്നീ നാല് രാജ്യങ്ങളാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
അതിനിടെ ഖത്തറിനു പിന്തുണയുമായി എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഖത്തറിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നു വ്യക്തമാക്കി. ഇതു സംബന്ധിച്ച് ബുധനാഴ്ച തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ എര്‍ദോഗന്‍ പിറ്റേന്നു തന്നെ ഒപ്പുവച്ചു ദോഹയിലേക്ക് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയയ്ക്കാനും സൈനികരെ നിയോഗിക്കാനും തുര്‍ക്കി ഉടന്‍ നടപടിയെടുക്കുമെന്നു ഹുറിയത് പത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല