സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തുന്നതിനിടെ വാഴവെട്ടാന്‍ അമേരിക്ക, ഖത്തറുമായി ഒപ്പുവെച്ചത് 1200 കോടി ഡോളറിന്റെ യുദ്ധ വിമാനക്കരാര്‍, ഒപ്പം 11,000 യുഎസ് പട്ടാളക്കാരുമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഖത്തറിലേക്ക്, സംയുക്ത സൈനിക അഭ്യാസവും ഉണ്ടാകുമെന്ന് സൂചന. സൗദി, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തര്‍ പ്രതിരോധ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് യുഎസുമായുള്ള ഈ കരാറിലൂടെ.
അമേരിക്കയുമായി 1200 കോടിയുടെ എഫ്15 യുദ്ധവിമാന കരാറില്‍ ബുധനാഴ്ച ഖത്തര്‍ ഒപ്പുവെച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് കരാര്‍ യഥാര്‍ത്ഥ്യമായത് എന്നതും ശ്രദ്ധേയമാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും ഖത്തര്‍ പ്രതിനിധിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. 36 യുദ്ധ വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നതിനാണ് കരാറെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെന്ന് ബുധനാഴ്ച പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി മാട്ടിസും ഖത്തര്‍ പ്രതിരോധ വകുപ്പ് മന്ത്രി ഖാലിദ് അല്‍ അതിയ്യയും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായുള്ള പോരാട്ടത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളും മുന്‍ഗണന നല്‍കണം. ലക്ഷ്യം നേടിയെടുക്കുന്നതിനായി എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും പെന്റഗണ്‍ അറിയിച്ചു.
ഖത്തറിന് 72 എഫ് 15ക്യു എ വിമാനങ്ങള്‍ വില്‍ക്കാന്‍ നവംബറില്‍ അമേരിക്ക അനുമതി നല്‍കിയിരുന്നു. ബോയിങ് കോ എന്ന കമ്പനിയാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് പ്രധാനമായും ജെറ്റ് വിമാനങ്ങള്‍ നല്‍കുന്നത്. കൂടാതെ ഖത്തറിലേക്ക് 11,000 സൈനികരുമായി യുദ്ധക്കപ്പലും എത്തിയിട്ടുണ്ട്. 100 യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന ഇരു രാജ്യങ്ങളിലെയും സൈനികരുടെ സംയുക്ത സൈനികാഭ്യാസവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. മദ്ധ്യേഷ്യയിലെ യുഎസിനെ ഏറ്റവും വലിയ സൈനികതാവളം ഖത്തറിലാണ്.
അതേസമയം സംയുക്ത സൈനികാഭ്യാസം പെന്റഗണിന്റെ അറിവോടെയാണോ ഗള്‍ഫ് പ്രതിസന്ധിക്ക് മുമ്പുണ്ടായതാണോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും മൗനത്തിലാണ്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നാരോപിച്ച് ഈ മാസം ആദ്യമാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറുമായുള്ള കര വ്യോമ നാവിക അതിര്‍ത്തി സൗദി അടയ്ക്കുകയും രാജ്യം ഒറ്റപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല