സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക. ഖത്തറിനു മുന്നില്‍ സൗദി ഉള്‍പ്പെട്ട അറബ് രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച 13 ഇന ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യുഎസ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് വിമര്‍ശിച്ചു. സൗദി അറേബ്യയ്ക്കൊപ്പം യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളാണ് അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ 13 ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്.
പ്രതിസന്ധിയില്‍ സമവായം ഉണ്ടാകണമെങ്കില്‍ രാഷ്ട്രങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം പ്രതിസന്ധി സങ്കീര്‍ണ്ണമാകുമെന്നും ടില്ലേഴ്സണ് മൂന്നറിയിപ്പ് നല്കി. അതേസമയം അമേരിക്കയുടെ പങ്കാളിയായ സൗദിയെ പുകഴ്ത്താനും ടില്ലേഴ്സണ് അവസരം വിനിയോഗിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പങ്കാളിയില്‍ വിശ്വാസമുണ്ട്, ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും ടില്ലേഴ്സണ് കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നതിനിടയില്‍ സമവായ ശ്രമത്തിനായി 13 ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഏകപക്ഷീയമായ ഈ 13 ആവശ്യങ്ങളും ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ധം പൂര്‍ണമായി വിച്ഛേദിക്കുമെന്നാണ് യുഎഇ ഭീക്ഷണി മുഴക്കിയത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി ഉള്‍പ്പെടെ അഞ്ച് രാഷ്ട്രങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല