സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യത്തിന്റെ ഉറപ്പ്. ദോഹയില്‍ നിക്ഷേപമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ ഉപരോധം ബാധിച്ചേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപരോധം അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യരാജ്യങ്ങള്‍ അറിയിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏതെങ്കിലും തരത്തില്‍ അമേരിക്കന്‍ കമ്പനികളെ ബാധിക്കില്ലെന്നുകാണിച്ച് സൗദി സഖ്യരാജ്യങ്ങള്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിന് കത്തയച്ചു. അമേരിക്കയിലെ കമ്പനികളുമായി ഗള്‍ഫ് നാടുകള്‍ക്കുള്ള ബന്ധം തുടരുമെന്ന് കത്തില്‍ പറയുന്നു. ദോഹയിലെ നിക്ഷേപങ്ങളുടെപേരില്‍ ഈ കമ്പനികളെ ബുദ്ധിമുട്ടിക്കില്ലെന്നും കത്തിലുണ്ട്.
കഴിഞ്ഞമാസം റെക്‌സ് ടില്ലേഴ്‌സണ്‍ ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട കമ്പനികള്‍ക്കും സൗദി സഖ്യരാജ്യങ്ങള്‍ സമാനമായ ഉറപ്പ് നല്‍കിയതായാണ് സൂചന. ജൂണ്‍ മാസത്തില്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഗള്‍ഫ് മേഖലയുടെ സമധാനം ഉറപ്പുവരുത്താനാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്തിയാല്‍ ഉപരോധത്തില്‍ അയവുവരുത്താമെന്ന് സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെ അറിയിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ ഇതുവരെ നിലപാട് മാറ്റാത്തതിനാല്‍ കടുത്ത നടപടികളിലേക്ക് സഖ്യം കടക്കുന്നതായാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല