സ്വന്തം ലേഖകൻ: ഗൂഗിൾ പേ അവതരിപ്പിക്കാൻ ബാങ്കുകൾ സന്നദ്ധമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസുകളായ ആപ്പിൾ പേ, സാംസങ് പേ എന്നിവ പലരും ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പേ കൂടി വരുന്നതോടെ ലോകകപ്പിനെത്തുന്ന സന്ദർശകർക്കും ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്കാണ് സൗകര്യം ലഭിക്കുക. ഗൂഗിൾ പേ സൗകര്യം ലഭ്യമാണെന്ന് നേരത്തെ ഖത്തർ നാഷനൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഗൂഗിൾ വോലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ആഡ് ടു വോലറ്റ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ബാങ്ക് കാർഡ് റജിസ്റ്റർ ചെയ്യണം.
കാർഡിന്റെ ചിത്രം അപ്ലോഡ് ചെയ്യുകയോ വിവരങ്ങൾ നൽകുകയോ ചെയ്യണം. ആവശ്യമെങ്കിൽ കാർഡ് വെരിഫൈ ചെയ്യും. റജിസ്ട്രേഷൻ പൂർത്തിയായാൽ സൗകര്യം ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, അതിവേഗത്തിലും ഇടപാട് പൂർത്തിയാക്കാം എന്ന വാഗ്ദാനവുമായാണ് ബാങ്കുകൾ ഗൂഗിൾ പേ അവതരിപ്പിക്കുന്നത്.
ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പേ ഉപയോഗത്തിന് അനുവാദം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല