സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി ഖത്തര്‍. ഖത്തറിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ, സേവന ഫീസുകള്‍ വര്‍ധിപ്പിച്ച സംഭവം താല്‍ക്കാലികമായി പ്രവാസികള്‍ക്ക് ബാധകമാക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
മന്ത്രാലയത്തിനു കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും (പിഎച്ച്‌സിസി) മെഡിക്കല്‍, ചികില്‍സാ സേവനങ്ങളുടെ ഫീസും ചാര്‍ജുകളും വര്‍ധിപ്പിച്ചതായി കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് വാര്‍ത്തയായിരുന്നു. നിലവിലെ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടുള്ളതായിരുന്നു പുതുക്കിയ നിരക്ക്. ഒക്ടോബര്‍ നാലു മുതല്‍ പുതിക്കിയ നിരക്ക് നിലവില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പുതുക്കിയ നിരക്ക് ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്ത് സന്ദര്‍ശകരായി എത്തുന്നവര്‍ക്കു മാത്രമേ പുതുക്കിയ നിരക്ക് ബാധകമാവുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ഘട്ടത്തില്‍ പ്രവാസികള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാക്കുമെങ്കിലും രാജ്യത്ത് നിര്‍ബന്ധിതമായി നടപ്പിലാക്കി വരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പൂര്‍ണമായും നിലവില്‍ വന്ന ശേഷം മാത്രമേ അതുണ്ടാകൂ എന്നും അധികൃതര്‍ അറിയിച്ചു.
അതുവരെ പുതുക്കുന്നതിനു മുമ്പുള്ള നിരക്കുകളായിരിക്കും അവര്‍ക്ക് ബാധകമാവുക. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണിത്. ഇന്‍ഷൂറന്‍സ് നിലവില്‍ വന്ന ശേഷം പുതുക്കിയ നിരക്ക് നടപ്പിലായാല്‍ അത് നേരിട്ട് പ്രവാസികളെ ബാധിക്കില്ല എന്നതാണ് കാരണം. നിലവില്‍ രാജ്യത്ത് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. അതിനാല്‍ അവര്‍ക്കും പുതുക്കിയ നിരക്ക് വലിയ പ്രശ്‌നമാവില്ല.
രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കോര്‍പ്പറേഷനിലും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലും ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസും ചാര്‍ജുകളും വര്‍ധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ചികില്‍സയ്ക്കും സേവനങ്ങള്‍ക്കും ആവശ്യമായി വരുന്ന ചെലവുകളുടെ അടിസ്ഥാനത്തിലാണ് നിരക്കുകളില്‍ വര്‍ധന വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല