1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2022

സ്വന്തം ലേഖകൻ: ആഗോള തലത്തില്‍ നേട്ടത്തിന്റെ തിളക്കത്തില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും. 2022ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത വിമാനക്കമ്പനിയായി ഖത്തറിലെ ഖത്തര്‍ എയര്‍വേയ്‌സും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖത്തര്‍ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന നേട്ടം കൈവരിക്കുന്നത്. പാരിസില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോയില്‍ വിതരണം ചെയ്ത വേള്‍ഡ് എയര്‍പോര്‍ട്ട്‌സ് അവാര്‍ഡിലാണ് ഖത്തര്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

ഖത്തറില്‍ നിന്ന് ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ വീണ്ടും ഈ നേട്ടം തേടിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹമദ് എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പുരസ്‌ക്കാര നേട്ടത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രതിബദ്ധതയാണ് ഈ മികച്ച നേട്ടത്തിന് അതിനെ അര്‍ഹമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മറ്റ് വിമാനത്താവളങ്ങള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ പ്രായസങ്ങള്‍ അനുഭവിച്ചപ്പോള്‍ പ്രതിസന്ധി മുതലെടുത്ത് മുന്നേറുകയാണ് ഹമദ് എയര്‍പോര്‍ട്ട് ചെയ്തതെന്ന് സ്‌കൈട്രാക്‌സ് പ്രതിനിധി എഡ്വാര്‍ഡ് പ്ലെയിസ്റ്റെഡ് പറഞ്ഞു. പ്രതിസന്ധി ഏറ്റവും രൂക്ഷമായ 2021ല്‍ 17.1 ദശലക്ഷം യാത്രക്കാര്‍ക്കാണ് എയര്‍പോര്‍ട്ട് സേവനം നല്‍കിയത്. അതോടൊപ്പം പുതിയ ഇടങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍പോര്‍ട്ടിന് സാധിച്ചത് വലിയത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ വിമനക്കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. 52.3 ബില്യണ്‍ റിയാല്‍ അഥവാ 12,000 കോടിയോളം രൂപയാണ് ഇക്കാലയളവിലെ ലാഭം. കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാനക്കമ്പനികള്‍ പ്രതിസന്ധി നേരിട്ട കാലത്താണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഈ നേട്ടം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കുകള്‍ കാരണം സര്‍വീസുകള്‍ പൂര്‍ണമായോ, ഭാഗികമായോ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ആഗോള തലത്തില്‍ നിലവില്‍വന്നു.

എന്നാല്‍ ഇക്കാലയളവില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെ റെക്കോര്‍ഡ് ലാഭമാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.6 ബില്യണ്‍ ഖത്തര്‍ റിയാലാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം കൂടുതലാണിത്. കോവിഡ് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്താലും രണ്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.