സ്വന്തം ലേഖകൻ: ഖത്തറിൽ പൗരന്മാരും പ്രവാസികളും ഹെൽത്ത് കാർഡ് പുതുക്കണമെന്ന് അധികൃതർ.നിലവിലെ സാഹചര്യത്തിൽ സർക്കാർ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് കാർഡ് പുതുക്കേണ്ടതിന്റെ അനിവാര്യതയും പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
hukoomi.gov.qa എന്ന സർക്കാർ പോർട്ടൽ മുഖേന ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഹെൽത്ത് കാർഡുകൾ പുതുക്കാം. കുടുംബാംഗങ്ങളുടെ ഹെൽത്ത് കാർഡുകളും യഥാസമയം പുതുക്കണം. സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് ഉളളവരാണെങ്കിൽ പോലും ഹെൽത്ത് കാർഡ് എടുക്കണമെന്നും അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു.
ഹെൽത്ത് കാർഡ് സംബന്ധമായ അന്വേഷണങ്ങൾക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ കസ്റ്റമർ കെയർ സെന്ററിൽ (നെസ്മാക്) 16060 എന്ന നമ്പറിൽ ബന്ധപ്പെടാം. കാർഡ് പുതുക്കൽ, നഷ്ടമായതും തകരാർ സംഭവിച്ചതുമായ കാർഡുകൾക്ക് പകരം പുതിയ കാർഡ് എടുക്കൽ എന്നിവയെല്ലാം ഹുക്കുമിയിലൂടെ ചെയ്യാം.
ഓൺലൈനിലൂടെ തന്നെ ഫീസടയ്ക്കാം. കാർഡ് പുതുക്കാൻ പ്രവാസികൾക്ക് 1 വർഷത്തേക്ക് 100 റിയാലാണ് നിരക്ക്. കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ കാലാവധിക്ക് ശേഷമാണ് പുതുക്കുന്നതെങ്കിൽ 200 റിയാൽ നൽകണം.
കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ആവശ്യമെങ്കിൽ ഉടൻ തന്നെ ഖത്തർ വിടാൻ അനുമതി. രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള മൂന്നു മാസമാണ് ഇതിന് പരിഗണിക്കുക. 14 ദിവസമെന്ന ഈ കാലയളവ് സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു.
വാക്സിൻ സ്വീകരിച്ചു കഴിഞ്ഞ് 14 ദിവസം ഖത്തറിൽ തന്നെ നിൽക്കണമെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം. ഒരാൾ വാക്സിൻ രണ്ട്ഡോസും സ്വീകരിച്ച് നാട്ടിൽ പോയി 14 ദിവസം പൂർത്തിയാക്കും മുമ്പ് ഖത്തറിലേക്ക് തിരിച്ചു വരുന്ന സാഹചര്യത്തിൽ ക്വാറൻറീൻ വേണം. ഇതാണ് 14 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ നാട്ടിൽ പോകാൻ പറ്റൂ എന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല