സ്വന്തം ലേഖകൻ: ഖത്തറിലെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ സമയമായെന്ന് കാണിച്ച് മൊബൈല്‍ എസ്എംഎസ് രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി). ‘താങ്കളുടെ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി അവസാനിക്കാറായി. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി 24 മണിക്കൂറിലുള്ളില്‍ അത് പുതുക്കാന്‍ ശ്രദ്ധിക്കുക’ എന്ന രീതിയിലാണ് എസ്എംഎസ്സുകള്‍ വരുന്നത്. തൊട്ടുതാഴെ https:hukoomigov.bhpost.top എന്ന ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും തങ്ങളുടെ പേരില്‍ നടക്കുന്ന ഈ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ കരുതിയിരിക്കണമെന്നും എച്ച്എംസി അധികൃതര്‍ പറഞ്ഞു. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ രോഗികളും ഹെല്‍ത്ത് കാര്‍ഡ് ഉടമകളും ജാഗ്രത പാലിക്കണമെന്നും ആധികാരികമെന്ന് ഉറപ്പില്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളോ എസ്എംഎസുകളോ തുറക്കുന്നത് ഒഴിവാക്കണമെന്നും എച്ച്എംസി നിര്‍ദ്ദേശിച്ചു.
ഇത്തരം സന്ദേശങ്ങളില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഹെല്‍ത്ത് കാര്‍ഡോ അപ്‌ഡേറ്റ് ചെയ്യുന്നതായി അവകാശപ്പെടുന്ന ലിങ്കുകള്‍ അടങ്ങിയിരിക്കാമെന്നും അവ തുറക്കരുതെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതിനുള്ള ഔദ്യോഗിക ലിങ്ക് https://services.hukoomi.gov.qa/en/e-services/renew-health-card എന്നതാണെന്നും എച്ച്എംസി വ്യക്തമാക്കി.
അതിനിടെ, സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സൈബര്‍ ആക്രമണകാരികള്‍ എടിഎം മെഷീനുകളില്‍ ഉപയോഗിക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ക്കെതിരെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ പിടിച്ചെടുക്കാനും ഉപയോക്താക്കള്‍ നല്‍കിയ പിന്‍ നമ്പറുകള്‍ റെക്കോര്‍ഡ് ചെയ്യാനും എടിഎം, പിഒഎസ് മെഷീനുകളിലാണ് തട്ടിപ്പുകാര്‍ സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇത്തരം എടിഎമ്മുകളില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുന്നതോടെ അതിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ ഇടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ബാങ്ക് ശാഖകള്‍ക്കുള്ളിലെ എടിഎമ്മുകള്‍ പരമാവധി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ ബാങ്ക് ഉപദേശിച്ചു. ഈ എടിഎം മെഷീനുകളില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത കുറവായതിനാലാണിത്. എടിഎം ഉപയോഗിക്കുമ്പോള്‍ മെഷീനിലെ കാര്‍ഡ് റീഡര്‍ ഇളകിയ നിലയിലാണോ എന്നും അതിന്റെ സ്ഥാനത്തിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്നും ഉപഭോക്താക്കള്‍ പരിശോധിക്കണം. കാര്‍ഡ് സ്ലോട്ടിന് ചുറ്റും എവിടെയെങ്കിലും ചെറിയ ഉപകരണങ്ങളുണ്ടോ എന്നും പരിശോധിക്കണം. ഒളി ക്യാമറകളെ തടയാന്‍ പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ മറ്റേ കൈകൊണ്ട് കീപാഡ് മറച്ചുപിടിക്കാന്‍ ശ്രദ്ധിക്കണണെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല