സ്വന്തം ലേഖകൻ: ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ഖത്തറിന്റെ പുതിയ ആരോഗ്യ പദ്ധതി അവതരിപ്പ് പൊതുജനാരോഗ്യ മന്ത്രാലയം. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി 2024-2030 വർഷത്തേക്കുള്ള രാജ്യത്തിന്റെ ആരോഗ്യ സ്ട്രാറ്റജി അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. തുടർന്ന് ആരോഗ്യ സഹമന്ത്രി ഡോ. സാലിഹ് അലി അൽമർറി അടുത്ത ആറു വർഷത്തെ രാജ്യത്തിന്റെ ആരോഗ്യ പദ്ധതി ഉൾക്കൊള്ളുന്ന ‘ഹെൽത്ത് സ്ട്രാറ്റജി’ അവതരിപ്പിച്ചു.
ഖത്തര്‍ ദേശീയ വിഷന്‍ 2030യുടെ ചുവടു പിടിച്ചാണ് പുതിയ ആരോഗ്യ പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച ചികിത്സ ഉറപ്പാക്കുന്ന വ്യവസ്ഥാപിതമായ ആരോഗ്യ സംവിധാനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ പദ്ധതിക്ക് സാധിക്കും. ജനങ്ങളുടെ ആരോഗ്യം, ആരോഗ്യ സേവനങ്ങളുടെ വിതരണം, ആരോഗ്യ സംവിധാനങ്ങളുടെ മികവ് എന്നിവയിലൂന്നിയാണ് പുതിയ നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി അവതരിപ്പിക്കുന്നതെന്ന് ആരോഗ്യ സഹമന്ത്രി സാലിഹ് അല്‍ മര്‍റി വ്യക്തമാക്കി. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളാകും അടുത്ത ഏഴ് വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ നടപ്പാക്കുക.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘ വീക്ഷണവും നേതൃത്വം ഉൾക്കൊണ്ട്, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ചതും കുറ്റമറ്റതും നൂതനവുമായ ആരോഗ്യ സംവിധാനം പുതിയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് സ്ട്രാറ്റജി വ്യക്തമാക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ആയുർദൈർഘ്യം 82.6 വർഷമായി വർധിപ്പിക്കുക. സാംക്രമികേതര രോഗങ്ങൾ കാരണമുള്ള മരണനിരക്ക് 36 ശതമാനം കുറക്കുക. ശിശുമരണനിരക്ക് 1,000 ജനനങ്ങളിൽ രണ്ടായി ആയി കുറക്കുക എന്നിവയുൾപ്പെടെ നിരവധി പ്രധാന ആരോഗ്യ സംരക്ഷണ പദ്ധതികൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
വിജയകരമായ ഒന്നും രണ്ടും ദേശീയ ഹെൽത്ത് സ്ട്രാറ്റജിയുടെ തുടർച്ചയായാണ് മൂന്നാം പദ്ധതിയും പ്രഖ്യാപിക്കുന്നത്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയത്തിൽ ആരോഗ്യ മേഖലയിലെ പരിഷ്കരണം തുടരും. ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ മേഖലകളിൽ നൂതന പദ്ധതികൾ ഉൾക്കൊണ്ട് ഗവേഷണവും വികസനവും വർധിപ്പിക്കും. ആരോഗ്യസംരക്ഷണ സംവിധാനം ഡിജിറ്റലൈസ് ചെയ്യാനും മാർഗങ്ങൾ സ്വീകരിക്കും.
ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളിൽ ആരോഗ്യ മേഖലകളിൽ വിവിധ സംഭാവനകൾ നൽകിയവരെ ആദരിച്ചു. 2018-2022 ആരോഗ്യ പദ്ധതിക്ക് നേതൃത്വം നൽകിയവർ, കോവിഡ് പ്രതിരോധം, ലോകകപ്പ് ആരോഗ്യ സുരക്ഷ എന്നിവക്ക് നേതൃത്വം നൽകിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ആദരവേറ്റുവാങ്ങി. 2018-2022 രണ്ടാം ആരോഗ്യ സ്ട്രാറ്റജിയിലെ നേട്ടങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച വിഡിയോ അവതരണവും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല