സ്വന്തം ലേഖകൻ: വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് ട്രാവൽ ക്ലിനിക് സേവനങ്ങൾ വ്യാപിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (സിഡിസി). ചികിത്സ തേടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് സേവനങ്ങൾ വ്യാപിപ്പിച്ചത്. ആഴ്ചയിൽ 5 ദിവസവും 5 ക്ലിനിക്കുകൾ വീതം തുറക്കും.
രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെയും ചികിത്സ തേടാം. യാത്രയ്ക്ക് മുൻപ് പരിശോധനകൾ നടത്തുന്നതിനൊപ്പം യാത്ര ചെയ്യുന്ന രാജ്യത്തെ ചട്ടം അനുസരിച്ചുള്ള വാക്സീനും എടുക്കണമെന്ന് സിഡിസി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്‌ലാമണി വ്യക്തമാക്കി.
പ്രതിരോധ കുത്തിവയ്പുകൾ, പരിശോധനകൾ, കൗൺസലിങ് എന്നിവയ്ക്കു പുറമേ വിദേശയാത്ര കഴിഞ്ഞ് രോഗബാധ സംശയിച്ച് എത്തുന്നവർക്കുള്ള ചികിത്സയും ലഭിക്കുമെന്ന് അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റഫറൻസിലൂടെയോ ഹോട്‌ലൈൻ നമ്പറിൽ (40254003) വിളിച്ചോ അപ്പോയിന്റ്മെന്റ് എടുക്കാം.
യാത്ര ചെയ്യുന്നത് രസകരമാണെങ്കിലും അപകടസാധ്യത കുറവുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും ഓർമിപ്പിച്ചു. കുട്ടികളുമായി വിദേശയാത്ര ചെയ്യുന്നവർ എല്ലാ മുൻകരുതലും എടുക്കണമെന്നും രോഗപ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല