സ്വന്തം ലേഖകൻ: കമ്പനികൾ ജീവനക്കാർക്ക് കൃത്യസമയത്തു ശമ്പളം നൽകണമെന്നും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഏതാനും കമ്പനികൾ പരാജയപ്പെടുന്നതു സമരങ്ങളിലേക്കു നയിക്കുന്നുവെന്നും ഇത്തരം കാര്യങ്ങൾ മതത്തിനും നിയമങ്ങൾക്കും എതിരാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് സെക്യൂരിറ്റി വകുപ്പ് ടെക്‌നിക്കൽ ഓഫിസിലെ ക്യാപ്റ്റൻ മിഷാൽ മുബാറക് അൽ മൻസൂരി ചൂണ്ടിക്കാട്ടി.
സേഫ്റ്റി നടപടികൾ, ഭക്ഷണം, ഉചിതമായ താമസ സൗകര്യങ്ങൾ എന്നിവയിലൂടെ തൊഴിലാളികളുടെ ജീവിതം സംരക്ഷിച്ചും തൊഴിലിടങ്ങളിലും പുറത്തുമുള്ള അടിസ്ഥാന ആവശ്യങ്ങളിൽ ശ്രദ്ധ ചെലുത്തിയും രാജ്യത്തിന്റെ സുരക്ഷ നിലനിർത്തേണ്ടത് അനിവാര്യമാണ്.
രാജ്യത്തെ നടപടികളെയും നിയമങ്ങളെയും കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുകയും മോഷണങ്ങളും അക്രമണങ്ങളും തടയാൻ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതു കൂട്ടായ ഉത്തരവാദിത്തമാണെന്ന’ തലക്കെട്ടിൽ നടത്തിയ വെബിനാറിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
രാജ്യത്തിന്റെ ധാർമിക മൂല്യങ്ങൾക്കു നിരക്കാത്ത വസ്ത്രങ്ങൾ ജീവനക്കാർ ധരിക്കുന്നില്ലെന്നു കമ്പനികൾ ഉറപ്പാക്കണം. യഥാസമയങ്ങളിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. താമസ കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. തിങ്ങിപ്പാർക്കുന്ന അവസ്ഥ ഒഴിവാക്കണം.
എല്ലാ ജീവനക്കാർക്കും ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കണം. ഓൺലൈൻ മുഖേന നാട്ടിലേക്കു പണം സുരക്ഷിതമായി എങ്ങനെ അയയ്ക്കാമെന്നതിനെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കണം തുടങ്ങിയ കാര്യങ്ങളും ക്യാപ്റ്റൻ അൽ മൻസൂരി കമ്പനി പ്രതിനിധികളെ ഓർമപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല