സ്വന്തം ലേഖകൻ: ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി. ക്വാറന്റീൻ പാക്കേജിൽ രണ്ടു ഹോട്ടലുകൾ കൂടി ഉൾപ്പെടുത്തിയതായി ഡിസ്‌കവർ ഖത്തർ അറിയിച്ചു. അവന്യൂ ഹോട്ടൽ, ഹിൽട്ടന്റെ ഡബിൾ ട്രീ എന്നീ ഹോട്ടലുകൾ കൂടി ഉൾപ്പെടുത്തിയതോടെ രാജ്യത്തെ ക്വാറന്റീൻ ഹോട്ടലുകളുടെ എണ്ണം 62. ക്വാറന്റീൻ മുറികളുടെ എണ്ണം 8,886 ആയി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ സ്വദേശി, പ്രവാസികളും 7 ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്നത് നിർബന്ധിത വ്യവസ്ഥയാണ്. അതേസമയം ദോഹയിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്നവരെ ആറു മാസത്തേക്ക് ക്വാറന്റീനിൽ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ മുഖേന മാത്രമേ ഹോട്ടൽ ക്വാറന്റീൻ ബുക്കിങ്ങിന് അനുമതിയുള്ളു. 62 ഹോട്ടലുകളിൽ ത്രീ, ചതുർ, പഞ്ചനക്ഷത്ര ഹോട്ടലുകളാണുള്ളത്. 2,300 റിയാൽ മുതലാണ് നിരക്ക്. ഹമദ് വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രാ സൗകര്യം, മൂന്നു നേരത്തെ ഭക്ഷണം, ആറാം ദിവസം കോവിഡ് പിസിആർ പരിശോധന എന്നിവയുൾപ്പെടുന്നാണ് വെൽകം ഹോം ഹോട്ടൽ ക്വാറന്റീൻ പാക്കേജ്.
സാമൂഹിക മേഖലയിൽ ‘ബബ്ൾ സിസ്റ്റം’ പാലിച്ചാൽ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത ആളുകളും വിഭാഗങ്ങളും മാത്രം പരസ്പരം ബന്ധെപ്പടുന്ന രീതിയാണ് ‘ബബ്ൾ സിസ്റ്റം’ എന്നുപറയുന്നത്. ഈ ആളുകൾ തമ്മിൽ മാത്രം പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യും. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തില്ല.
ഈ രീതി എല്ലാവരും സ്വീകരിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നും രോഗബാധ കുറയുമെന്നുമാണ് വിദഗ്ധർ പറയുന്നത്. നിലവിൽ സാമൂഹിക അകലം പാലിക്കാതെ ഇടകലരുന്നതാണ് രോഗബാധ കൂടാൻ കാരണം. ഇത് ഒഴിവാക്കി ചിലർ മാത്രം പരസ്പരം സമ്പർക്കം പുലർത്തും. അവർ മറ്റുള്ളവരുമായി നേരിൽ ബന്ധപ്പെടരുത്. അതുപോലെതന്നെ മറ്റുള്ളവർക്കും പരസ്പരം ബന്ധപ്പെടുന്ന വിഭാഗങ്ങൾ ഉണ്ടാകും. ഇവരല്ലാതെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകാതെയുള്ള രീതിക്കാണ് ‘ബബ്ൾ സിസ്റ്റം’ എന്നു പറയുന്നത്.
ഈ രീതി എല്ലാവരും പാലിച്ചാൽ പരസ്പരം കാണാതെ ഒറ്റപ്പെട്ട് നിൽക്കുേമ്പാഴുള്ള മാനസിക-ശാരീരിക പ്രയാസങ്ങൾ ഇല്ലാതാക്കാം. എന്നാൽ എല്ലാവരുമായും ബന്ധപ്പെടാതെ തങ്ങൾ നിശ്ചയിക്കുന്ന ആളുകളുമായി മാത്രം ബന്ധമുണ്ടാക്കുക. അല്ലാത്ത സന്ദർശനങ്ങളും സമ്പർക്കങ്ങളും പൂർണമായും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ‘ബബ്ൾ സിസ്റ്റം’കൊണ്ട് ലക്ഷ്യമിടുന്നത്. പ്രതിദിനം പരസ്പരം കാണുന്നവരുടേയും കൂടിച്ചേരുന്നവരുടേയും എണ്ണത്തില്‍ കുറവുവരുത്തുകയെന്ന ആശയത്തിലൂന്നിയാണ് ഈ രീതി നടപ്പിൽവരുത്തുകയെന്ന് ആരോഗ്യ മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല