സ്വന്തം ലേഖകൻ: താമസ സംവിധാനങ്ങൾ ഉൾപ്പെടെ ഉയർന്ന വാടകനിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് പൊതുജനങ്ങൾ. പ്രാദേശിക ദിനപത്രം നടത്തിയ ഓൺലൈൻ സർവേയിലാണ് ഉയർന്ന വാടകക്കെതിരെ നിരവധി പേർ ആക്ഷേപമുന്നയിച്ചത്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ വാടക വർധിപ്പിച്ചത് വ്യക്തമാക്കുകയും 10 മുതൽ 40 ശതമാനം വരെ വാടക വർധിപ്പിച്ചതായി സർവേയിൽ ചൂണ്ടിക്കാട്ടുകയുംചെയ്തു.
താമസ യൂനിറ്റുകളുടെ വാടക ഉയരുന്നത് സംബന്ധിച്ച വാർത്തകൾ അധികരിച്ച സാഹചര്യത്തിലാണ് രണ്ട് ചോദ്യങ്ങളുമായി ദിനപത്രം സർവേ നടത്തിയത്. വാടക വർധിപ്പിച്ചത് അംഗീകരിക്കുന്നുണ്ടോ, നീതീകരിക്കാനാകുമോ എന്നും എത്രശതമാനം വാടക വർധിപ്പിച്ചെന്നുമായിരുന്നു സർവേയിലെ ചോദ്യങ്ങൾ.
സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വാടക വർധന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കുത്തനെ വർധിപ്പിച്ചത് നീതിയല്ലെന്നും അറിയിച്ചു. സർവേയിൽ പങ്കെടുത്ത ചിലർ, വാടക വർധിപ്പിക്കുന്നത് ഫിഫ ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും അതിനുശേഷം വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിപ്രായം രേഖപ്പെടുത്തി.
രണ്ടുമാസം മുമ്പ് വാടകക്കരാർ പുതുക്കിയപ്പോൾ 20 ശതമാനമാണ് വർധിപ്പിച്ചതെന്നും എന്തുകൊണ്ടാണ് വർധിപ്പിച്ചതെന്ന ചോദ്യത്തിന് ഫിഫ ലോകകപ്പ് എന്നായിരുന്നു മറുപടിയെന്നും ശമ്പള വർധനവില്ലാതെ വാടക വർധിപ്പിക്കുന്നത് പ്രയാസമേറിയതാണെന്നും ഒരാൾ വ്യക്തമാക്കി. വാടക വർധിപ്പിക്കുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്, ലോകകപ്പിനായെത്തുന്നവർക്ക് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ താമസ യൂനിറ്റുകൾ നിർമിച്ചിരിക്കെ, നിരവധി സൗകര്യങ്ങൾ ലഭ്യമാണെന്നും ഈ സാഹചര്യത്തിൽ വാടക വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സർവേയിൽ മറ്റൊരു താമസക്കാരൻ അഭിപ്രായപ്പെട്ടു.
ശമ്പളം വർധിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ചുരുക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വാടകവർധന അംഗീകരിക്കാൻ സാധിക്കുകയില്ലെന്നാണ് ഒരാളുടെ അഭിപ്രായം. 40 മുതൽ 45 ശതമാനം വരെ വാടക വർധിപ്പിച്ച ചില സ്വകാര്യ കമ്പനികളുടെ പേരുകളും അഭിപ്രായം പ്രകടിപ്പിച്ചവർ സർവേയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അധികൃതർക്ക് ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കാനാകുമെന്നാണ് നോക്കുന്നതെന്നും കുത്തനെ വാടക വർധിപ്പിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും മറ്റൊരാൾ വ്യക്തമാക്കി. അതേസമയം, ഖത്തറിലെ റിയൽ എസ്റ്റേറ്റ് വിപണി സാധാരണ നിലയിലാണെന്നും ലോകകപ്പ് ടൂർണമെന്റ് അവസാനിച്ച് അടുത്ത വർഷത്തോടെ വാടകയിൽ ക്രമേണ കുറവ് വരുമെന്നും റിയൽ എസ്റ്റേറ്റ് നിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.
താമസ യൂനിറ്റുകളുടെ വാടക വർധിക്കുന്നത് നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്ന് അൽ ഇമാദി എന്റർപ്രൈസസ് സി.ഇ.ഒ മുഹമ്മദ് അബ്ദുൽകരീം അൽ ഇമാദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ റിയൽ എസ്റ്റേറ്റ് ലോകകപ്പിന് മുമ്പും ശേഷവും, വിതരണത്തിന്റെയും ആവശ്യകതയുടെയും ഭാവി വിഷയത്തിൽ ഖത്തർ ടി.വിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായിരിക്കും റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരും കമ്പനികളും ശ്രമിക്കുകയെന്നും അവർ കൂടുതൽ ലാഭമുണ്ടാക്കുമെന്നും എന്നാൽ, ടൂർണമെന്റിനുശേഷം സാഹചര്യങ്ങൾ ഏറെ മാറുമെന്നും പരിപാടിയിൽ പങ്കെടുത്ത സെഞ്ചുറി21 ചെയർമാൻ ഇബ്റാഹിം അൽമാന പറഞ്ഞു. ലോകകപ്പിനുശേഷം ആവശ്യത്തേക്കാളേറെ വിതരണത്തിനുണ്ടാകുമെന്നും നിലവിലെ വാടകനിരക്ക് ഏറ്റവും ഉയർന്ന നിലയിലാണെന്നും അൽമാന വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല