![](https://www.nrimalayalee.com/wp-content/uploads/2021/11/Qatar-Human-Trafficking-.jpg)
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും വിപുലമായ പദ്ധതികളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. പുതിയ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിനായി രൂപവല്‍ക്കരിച്ച ദേശീയ കമ്മിറ്റിയുടെ നാലാമത് യോഗമാണ് ദോഹയില്‍ ചേര്‍ന്നത്.
പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സഈദ് ബിന്‍ സമീഖ് അല്‍ മറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് കാര്യക്ഷമമായ രീതിയില്‍ നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ പദ്ധതികളും ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാനും തീരുമാനമായി.
മനുഷ്യക്കടത്ത് കേസുകള് നിരീക്ഷിക്കുന്നതിനും തുടരന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം-പബ്ലിക് പ്രോസിക്യൂഷന്‍, തൊഴില്‍ മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തന സംവിധാനം ശക്തിപ്പെടുത്തും. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യന്‍ മനുഷ്യാവകാശ പരിശീലന കേന്ദ്രവുമായുള്ള സഹകരണവും ഏകോപനവും ശക്തമാക്കും.
മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിവിധ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. നഴ്സിങ് ഹോമുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ അവതരണവും നടന്നു. പബ്ലിക് പ്രോസിക്യൂഷന് , ഗവണ് മെന്റ് കമ്മ്യൂണിക്കേഷന് ഓഫീസ് ജിസിഒ, ദേശീയ മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് പുറമെ തൊഴില് , ആഭ്യന്തരം, വിദേശ കാര്യ, നീതി, പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തില് പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല