![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Road-Accidents-Pedestrians.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ മാസം 31 ന് താമസരേഖ പുതുക്കാനുള്ള കാലാവധി അവസാനിക്കും. 2021 ഒക്ടോബര്‍ 10 നാണ് ഇളവ് ആരംഭിച്ചത്.
രാജ്യത്തെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികള്‍ക്കും കമ്പനികള്‍ക്കുമാണ് ഇളവ് ലഭിക്കുന്നത്. സെറ്റില്‍മെന്റ് തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കും. സാമൂഹിക മാധ്യമങ്ങള്‍, കമ്യൂണിറ്റികള്‍, മാധ്യമങ്ങള്‍ എന്നിവ മുഖേന സമഗ്ര ബോധവത്കരണമാണ് നടത്തുന്നത്. ഇനിയും ആനുകൂല്യം നേടാത്തവര്‍ എത്രയും വേഗം അധികൃതരെ സമീപിച്ച് നിയമപരമായി തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ ഇല്ലാതെ നിയമവിധേയമായി തന്നെ സ്വദേശത്തേക്ക് മടങ്ങുകയോ അല്ലെങ്കില്‍ നിലവിലെ തൊഴിലുടമയുടെ കീഴില്‍ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുകയോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുകയോ ചെയ്യാനുള്ള അവസരമാണിത്.
സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്ട്, ഓപ്പണ്‍ ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ സല്‍വ റോഡിലെ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കണം. ലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കി പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഉം സലാല്‍, അല്‍ റയാന്, മിസൈമീര്‍, വക്ര, ഉം സനീം എന്നീ 5 കേന്ദ്രങ്ങളില്‍ ഏതിലെങ്കിലും അപേക്ഷ സമര്‍പ്പിക്കണം.
എന്നാല്‍, നിലവിലെ തൊഴിലുടമയുടെ കീഴില്‍ തന്നെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍ഖോര്‍, അല്‍ ഷമാല്‍, അല്‍ ദായീന്‍, ഉം സലാല്‍, പേള്‍ ഖത്തര്‍, ഒനൈസ, സൂഖ് വാഖിഫ്, അല്‍ റയാന്, ഉം സനീം, ഷഹാനിയ, മിസൈമീര്‍, വക്ര, ദുഖാന് എന്നീ കേന്ദ്രങ്ങളെ സമീപിക്കണം. ഞായര്‍ മുതല്‍ വ്യാഴം ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 വരെയാണ് താമസരേഖ പുതുക്കുന്നതിനുള്ള പ്രവര്‍ത്തന സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല