സ്വന്തം ലേഖകൻ: ഖത്തറിലേക്കുളള യാത്രയില്‍ മരുന്നു കൈവശം വയ്ക്കുന്നവര്‍ നിരോധിത മരുന്നുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മരുന്നുകള്‍ കൊണ്ടുവരാനെന്നും ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. ഖത്തറില്‍ അനുവദിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളു.
മരുന്നുകള്‍ക്കൊപ്പം അവ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമായും യാത്രക്കാരുടെ കൈവശം ഉണ്ടാകണം. 30 ദിവസത്തേക്ക് കഴിക്കാനുള്ള മരുന്നുകള്‍ കൊണ്ടു വരാന്‍ മാത്രമേ അനുമതിയുള്ളു.
സൈക്കോട്രോപിക്, നര്‍ക്കോട്ടിക് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഖത്തറില്‍ നിരോധിച്ചിട്ടുണ്ട്. ലിറിക്ക, ട്രമഡോള്‍, അല്‍പ്രാസോളം (സനാക്‌സ്), ഡയസ്പാം (വാലിയം), സോലം, ക്ലോനസെപാം, സോള്‍പിഡിം, കൊഡിന്‍, മെത്തഡോണ്‍, പ്രെഗാബലിന്‍ എന്നിവയെല്ലാം നിരോധിത പട്ടികയിലുള്ളവയാണ്.
നിരോധിത മരുന്നുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ മരുന്നു കൈവശം വയ്ക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരിക്കണം. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള മരുന്നുകൾ യാത്രക്കാരന്‍ കൊണ്ടുവരരുതെന്നും എംബസിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ അറിയാന്‍: https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല